ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റുകൾക്കും 47 പന്തുകൾ ബാക്കിനിൽക്കേയുമാണ് രാജസ്ഥാൻ വിജയ സ്കോർ മറികടന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 17 പന്തുകളിൽ നിന്നായി 5 സിക്സും 4 ഫോറുമായി 52 റൺസാണ് താരം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിഎസ്കെയ്ക്ക് തുടക്കം മുതലേ പിഴച്ചു. രാജസ്ഥാൻ ബൗളർമാരായ ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ചെന്നൈ നിര 19.4 ഓവറിൽ 127 റൺസിന് പുറത്തായി. പിച്ചിലെ ഈർപ്പവും ചലനവും മുതലെടുത്ത രാജസ്ഥാൻ ബൗളർമാർക്ക് മുന്നിൽ സിഎസ്കെ ബാറ്റർമാർ പതറുകയായിരുന്നു.
ചെന്നൈയിൽ നിന്നും ഇത്തവണ കൂടുമാറിയ രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിൽ എത്തിയപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ബോളിങ്ങിൽ മൂന്നു ഓവറുകൾ എറിഞ്ഞ ജഡേജ 18 റൺസ് വഴങ്ങി 2 വിക്കറ്റുകളും നേടി. ചെന്നൈയുടെ പ്രധാന വിക്കറ്റുകളായ സർഫ്രാസ് ഖാൻ, ശിവം ദുബെ എന്നിവരെയാണ് താരം പുറത്താക്കിയത്. വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള ജഡേജയുടെ ഗൺ ഷോട്ട് സെലിബ്രേഷനും വൈറലായിരുന്നു. ദുബെയെ പുറത്താക്കിയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജഡേജ.
Read more
“അവൻ എനിക്കെതിരെ വലിയ ഷോട്ടിന് ശ്രമിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവന്റെ ചിന്താഗതിയും ശൈലിയും എനിക്ക് സുപരിചിതമാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയുക എന്നതായിരുന്നു എന്റെ പ്ലാൻ, അത് കൃത്യമായി നടന്നു.” – രവീന്ദ്ര ജഡേജ പറഞ്ഞു.







