ആ താരത്തെ നെറ്റ്സിൽ നേരിടാൻ എനിക്ക് ഭയം എന്ന് ടീമിനോട് പറഞ്ഞ് കഴിഞ്ഞു, അവനെതിരെ എനിക്ക് ഒന്നും ചെയ്യാനാകില്ല: സൂര്യകുമാർ യാദവ്

ഫാഫ് ഡു പ്ലെസിസിൻ്റെ അഭിപ്രായത്തിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വ്യത്യാസം ജസ്പ്രീത് ബുംറയായിരുന്നു. സ്പീഡ്സ്റ്റർ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറ്റ് ബൗളർമാർ ധാരാളം റൺസ് വഴങ്ങിയ മത്സരത്തിൽ ബുംറ ആയിരുന്നു പിശുക്ക് കാട്ടിയ ഏക ബോളർ. വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയ ബുംറ എതിരാളികൾക്ക് ശരിക്കും ഭീക്ഷണി സൃഷ്ടിച്ചു. ആർസിബി ബാറ്റർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത രീതിയിൽ പന്തെറിഞ്ഞ താരം ശരിക്കും താൻ എന്തുകൊണ്ടാണ് ക്ലാസ് ബോളർ എന്ന വിശേഷണത്തിന് അർഹനായത് എന്നത് തെളിയിച്ചു. ബാറ്റർമാരുടെ മനസ്സിൽ ബുംറ എന്ന ബോളർ സൃഷ്ടിക്കുന്ന ഭയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സൂര്യകുമാർ യാദവ്.

“ജസ്പ്രീത് ബുംറയെ നെറ്റ്സിൽ നേരിടില്ലെന്ന് ഞാൻ എംഐ മാനേജ്മെൻ്റിനോട് പറഞ്ഞിട്ടുണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ അത് ചെയ്യുന്നു. അവൻ ലോകത്തിലെ ഏറ്റവും മികച്ചവനാണ്, ഒരു ബാറ്ററായി നിങ്ങൾക്ക് അവനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. പന്ത് കൊണ്ട് തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഒരിക്കൽ കൂടി കാണിച്ചു. ആർസിബിയെ 200 റൺസിന് മുകളിൽ കടക്കാൻ അദ്ദേഹം അനുവദിച്ചില്ല, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളിംഗ് സ്‌പെല്ലിൽ ഒന്ന് പന്തെറിഞ്ഞു,” സൂര്യകുമാർ യാദവ് പറഞ്ഞു.

അഞ്ച് കളികളിൽ നിന്ന് 11.90 ശരാശരിയിലും 5.95 ഇക്കോണമി റേറ്റിലും ബുംറ പത്ത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷമാണ് അദ്ദേഹത്തിന് പർപ്പിൾ ക്യാപ്പ് ലഭിച്ചത്. ഇന്നലെ വെറും 21 റൺസ് മാത്രം വഴങ്ങിയാണ് താരം 5 വിക്കറ്റുകൾ വീഴ്ത്തിയത്.

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മുംബൈ 27 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു