ടി20 ക്രിക്കറ്റിനെ ഇന്ത്യ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല; തുറന്നടിച്ച് അശ്വിന്‍

ടി20 ക്രിക്കറ്റിനെ മനസ്സിലാക്കാന്‍ ഇന്ത്യന്‍ ടീമിന് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഇന്ത്യന്‍ സീനിയര്‍ താരം ആര്‍ അശ്വിന്‍. മികച്ച താരങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ഈ മാറ്റങ്ങള്‍ ഐപിഎല്ലില്‍നിന്നേ തുടങ്ങേണ്ടിയിരിക്കുന്നെന്നും അശ്വിന്‍ പറഞ്ഞു.

ടി20 ക്രിക്കറ്റിനെ മനസിലാക്കാന്‍ ഇന്ത്യക്ക് ഇനിയും ഏറെ മുന്നോട്ട് സഞ്ചരിക്കേണ്ടതായുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വാലറ്റക്കാര്‍ മത്സരത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോകൂ. ഐപിഎല്ലില്‍ നിന്ന് തന്നെ ഈ മാറ്റം തുടങ്ങേണ്ടതാണ്.

നമ്മുടെ ടീമില്‍ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും നേടിയ താരങ്ങളുണ്ട്. ഇവരെല്ലാം ഐപിഎല്ലില്‍ ഗംഭീരമാണ്. അവര്‍ നേടിയ റണ്‍സും വിക്കറ്റുമെല്ലാം മികച്ചതാണ്. എന്നാല്‍ ഇത് മാത്രം മതിയോയെന്നത് പുനര്‍ചിന്ത നടത്തേണ്ട കാര്യമാണ്- അശ്വിന്‍ പറഞ്ഞു.

ടി20 ലോകകപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. ലിമിറ്റഡ് ഓവറില്‍ കടന്നാക്രമിക്കുന്ന താരങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് തന്നെ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.