അശ്വിനെ നിന്റെ സ്വഭാവ രീതി എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല, അമ്പയറോട് പരാതിയുമായി ആൻഡേഴ്സൺ; സംഭവിച്ചത് ഇങ്ങനെ

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം രവിചന്ദ്രൻ അശ്വിൻ നോൺ സ്‌ട്രൈക്കർ എൻഡിൽ കാണിച്ച പെരുമാറ്റത്തിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ നിരാശ പ്രകടിപ്പിച്ചു. ആൻഡേഴ്സൺ തൻ്റെ ആദ്യ ഓവർ എറിയാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. കൈ നീട്ടുന്നതുൾപ്പെടെയുള്ള അശ്വിൻ്റെ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് പേസറുടെ ശ്രദ്ധ തെറ്റിക്കുകയും അത് പോപ്പിങ് ക്രീസിൽ ഡെലിവറി തടസപ്പെടുത്തുകയും ചെയ്തു. ആ പന്ത് എറിയാൻ സാധിക്കാത്ത താരം അസ്വസ്ഥൻ ആയിരുന്നു.

വ്യക്തമായ അതൃപ്തിയോടെ, ഓവറിന് ശേഷം ആൻഡേഴ്സൺ തൻ്റെ ആശങ്കകൾ അമ്പയറെ അറിയിച്ചു. അശ്വിനും തർക്കിച്ചതോടെ സംഭവം കുറച്ച് സമയത്തേക്ക് മത്സരത്തെ തടസപ്പെടുത്തുകയും ചെയ്തു. കളിക്കളത്തിൽ വഴക്കുണ്ടായിട്ടും, മികച്ചൊരു പന്തിൽ അശ്വിനെ പുറത്താക്കിയ ആൻഡേഴ്സൺ തന്നെ അവസാന യുദ്ധത്തിൽ വിജയിച്ചു. ആൻഡേഴ്സനെ അശ്വിൻ ബൗണ്ടറി അടിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഡെലിവറി വന്നത്.

തന്റെ 41 ആം വയസിലും എന്തുകൊണ്ടാണ് കളിക്കളത്തിൽ പഴയ ആവേശത്തോടെ തന്നെ തുടരുന്നതെന്ന് ആൻഡേഴ്സൺ വീണ്ടും വീണ്ടും തെളിയിക്കുന്നു. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടിയ ആൻഡേഴ്സൺ ഇന്ത്യൻ ബാറ്ററുമാർക്ക് നിരന്തരമായി തലവേദന സൃഷ്ടിച്ചു, അതും ബാറ്റിംഗ് അനുകൂലമായ ട്രാക്കിൽ.

അതേസമയം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്ത്യയുടെ 396 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 253 റൺസിന് എല്ലാവരും പുറത്തായി. 143 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. ആറ് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 95  റൺസ് എടുത്തിട്ടുണ്ട്. ഓപ്പണറുമാരായ രോഹിത് ശര്മയുടെയും ജയ്‌സ്വാളിന്റെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്