ഷഹീനെ എങ്ങനെ നേരിടാം?, രോഹിത്തിന് വഴി പറഞ്ഞ് സഞ്ജയ് ബംഗാര്‍

ഏഷ്യാ കപ്പിലും ലോകകപ്പിലും പാകിസ്ഥാനെതിരേ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് പ്രധാന ഭീഷണിയാവുന്നത് ഷഹീന്‍ ഷാ അഫ്രീദിയുടെ ബോളിംഗാണ്. അവസാന ടി20 ലോകകപ്പിലും ഷഹീന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ പരുങ്ങിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു ഇതില്‍ പ്രധാനി. ഇപ്പോഴിതാ ഷഹീനെ എങ്ങനെ നേരിടണമെന്നതില്‍ രോഹിത്തിന് ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് ബംഗാര്‍.

ബോളറുടെ ആംഗിളിനെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ഇടം കൈയന്‍ ബൗളര്‍ സ്റ്റംപിന് ആക്രമിക്കുമ്പോള്‍ എവിടെ കളിക്കണമെന്നത് നേരത്തെ മനസിലുണ്ടാവണം. ഒരു ബോളറെ ലക്ഷ്യം വെക്കുമ്പോള്‍ തലയുയര്‍ത്തി അവനെ നേരിടണം. മീഡ് ഓഫ്, മിഡ് ഓണ്‍, മിഡ് വിക്കറ്റ് എന്നിവടങ്ങളിലേക്കെല്ലാം ഷോട്ട് കളിക്കണം.

ഷഹീന്റെ പന്തുകള്‍ വായുവില്‍ സ്വിംഗ് ചെയ്ത് സ്റ്റംപിലേക്കെത്തുന്നതാണ്. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ പരിശീലനം നടത്തുമ്പോള്‍ രോഹിത് വ്യത്യസ്ത ഷോട്ടുകള്‍ കളിച്ച് പഠിക്കണം- ബംഗാര്‍ പറഞ്ഞു.

രോഹിത്തിന് മാത്രമല്ല ഇന്ത്യയുടെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കും ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യമാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരയും പാകിസ്ഥാന്റെ ബോളിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും മത്സരം. അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കായിരുന്നു.