ഇത് എങ്ങനെ സംഭവിച്ചു..!, ഇന്ത്യയുടെ ജയം വിശ്വസിക്കാനാകാതെ അക്തര്‍

കൊളംബോയിലെ ക്രിക്കറ്റ് വേദിയില്‍ ആധിപത്യത്തിന്റെ ഉജ്ജ്വലമായ പ്രകടനത്തിലൂടെ ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം ചൂടിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ 10 വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂ ശ്രീലങ്കയെ തകര്‍ത്തത്. മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 50 റണ്‍സിന് പുറത്താക്കി, തുടര്‍ന്ന് 263 പന്തുകള്‍ ബാക്കി വെച്ച് വിജയം പിടിച്ചു.

ഇന്ത്യയുടെ ഈ ആധികാരിക വിജയം താനൊട്ടും പ്രതീക്ഷിച്ചതല്ലെന്ന് പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍ പറഞ്ഞു. ഈ ജയത്തിലൂടെ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കും തങ്ങളെന്ന് ഇന്ത്യ തെളിയിച്ചെന്നും ഇന്ത്യന്‍ ടീമിന്റെ തീരുമാനങ്ങള്‍ ശരിയായ ദിശയിലാണെന്നും അക്തര്‍ പറഞ്ഞു.

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മെച്ചപ്പെട്ടു. അദ്ദേഹവും ടീം മാനേജ്മെന്റും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നു. ഇന്ത്യ ശ്രീലങ്കയെ ഈ രീതിയില്‍ തോല്‍പ്പിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇവിടെ നിന്ന് ഇന്ത്യ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കാം. പക്ഷേ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമുകള്‍ ശക്തരായതിനാല്‍ ആരെയും ഞാന്‍ എഴുതിത്തള്ളില്ല.

നല്ല ജോലി സിറാജ്, നിങ്ങള്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ സഹായിച്ചു. നിങ്ങളുടെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിക്കൊണ്ട് നിങ്ങള്‍ ഒരു മികച്ച കാര്യം ചെയ്തു. തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. ഇത് പാകിസ്ഥാനെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നു- അക്തര്‍ പറഞ്ഞു.