ആത്മവിശ്വാസമില്ലാത്തവന്‍, അവനെ ഓപ്പണറാക്കരുത്; നിര്‍ദ്ദേശവുമായി മുഹമ്മദ് കൈഫ്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന് നിര്‍ണായക നിര്‍ദ്ദേശവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. ടീമിലേക്ക് മടങ്ങിയെത്തുന്ന കെ.എല്‍ രാഹുലിനെ ഓപ്പണറാക്കരുതെന്നും രോഹിത്-ഗില്‍ സഖ്യവുമായി തന്നെ ഇന്ത്യ മുന്നോട്ടു കൊണ്ടു പോകണമെന്നും കൈഫ് നിര്‍ദ്ദേശിച്ചു.

കെ.എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനായതിനാല്‍ ഇന്ത്യ അവനെ ഓപ്പണറാക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രാഹുല്‍ വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. റണ്‍സ് നേടാനാവാത്ത പക്ഷം ശുഭ്മാന്‍ ഗില്‍ തന്റെ സ്ഥാനത്തേക്കെത്തുമെന്ന് രാഹുലിനറിയാം.

രാഹുല്‍ ഓപ്പണിംഗിലേക്ക് തിരിച്ചെത്തിയാല്‍ ഗില്‍ ചിലപ്പോള്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിച്ചേക്കും. എന്തായാലും അവന്‍ തീര്‍ച്ചയായും കളിക്കും. പുജാര മൂന്നാം നമ്പറിലും കോഹ്‌ലി നാലാം നമ്പറിലും കളിച്ചാല്‍ അഞ്ചാം നമ്പറില്‍ ഗില്‍ എത്തിയേക്കും.

പ്ലേയിംഗ് ഇലവനില്‍ ശുഭ്മാനെപ്പോലുള്ള താരങ്ങളെ കാണാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ക്ലാസ് താരമാണവന്‍. മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മാന്റെ ബാറ്റിംഗ് വളരെ ശാന്തതയോടെയാണ്- കൈഫ് പറഞ്ഞു.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരില്‍ തുടക്കമാകും. ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. മാര്‍ച്ച് 9 മുതല്‍ അഹമ്മദാബാദിലാണ് അവസാന മത്സരം.