അവന്‍ ആളാവാന്‍ നോക്കിയതാണ്, എന്നാല്‍ പണി പാളിപ്പോയി; ഇന്ത്യന്‍ താരത്തെ പരിഹസിച്ച് അക്തര്‍

ലോകകപ്പിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. താനിതാ വന്നുവെന്ന തരത്തില്‍ ഒരു ഇംപാക്ടുണ്ടാക്കാന്‍ ഇഷാന്‍ ആഗ്രഹിച്ചെന്നും അതുകൊണ്ടാണ് അത്തരമൊരു അഗ്രസീവ് ഷോട്ടിനു തുനിഞ്ഞതെന്നും അക്തര്‍ നിരീക്ഷിച്ചു.

ഇഷാന്‍ ചെറുപ്പമാണ്, അതിന്റേതായ ആവേശം അവനുണ്ടാവും. പക്ഷെ ഈ ശൈലി ഒരു ബാറ്ററെന്ന നിലയില്‍ അവനെ അത്ര സഹായിക്കില്ല. കളിക്കളത്തിലെത്തിയാല്‍ സാഹചര്യം മനസ്സിലാക്കി ഇഷാന്‍ കളിക്കേണ്ടത് ആവശ്യമാണ്. പ്രായത്തിന്റേതായ ആക്രമണോത്സുകതയാണ് അവന്റേതെന്നെന്നു എനിക്കറിയാം.

ബോളര്‍ക്കു മേല്‍ തന്റെ ആധിപത്യം തുടക്കത്തില്‍ തന്നെ സ്ഥാപിക്കാനാണ് അവന്‍ ആഗ്രഹിക്കുന്നത്. ഞാനിതാ വന്നുവെന്ന തരത്തില്‍ ഒരു ഇംപാക്ടുണ്ടാക്കാന്‍ ഇഷാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അത്തരമൊരു അഗ്രസീവ് ഷോട്ടിനു അവന്‍ തുനിഞ്ഞത്. പക്ഷെ ഈ സമീപനം ഇഷാന്‍ മാറ്റിയെടുക്കണം. കുറേക്കൂടി ക്ഷമയും കാണിക്കേണ്ടതുണ്ട്.

വളരെ പക്വതയുള്ള ഇന്നിങ്സായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. ഇന്നിങ്സിന്റെ തുടക്കത്തില്‍ കടുപ്പമേറിയ സാഹചര്യങ്ങളിലൂടെ അദ്ദേഹത്തിനു കടന്നു പോവേണ്ടതായി വന്നു. പക്ഷെ രാഹുല്‍ അതിനെ നന്നായി അതിജീവിക്കുകയും ചെയ്തു- അക്തര്‍ പറഞ്ഞു.