അവന്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മേലെ, നിങ്ങള്‍ക്ക് ഇനി അവനെ തൊടാന്‍ കഴിയില്ല: ആകാശ് ചോപ്ര

ഈ വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണം എന്ന് മുന്‍ താരം ആകാശ് ചോപ്ര. ടി20 ലോകകപ്പിന് ജയ്‌സ്വാളിനെ എടുത്തില്ലെങ്കില്‍ അത് അന്യായമാകും എന്നും ചോപ്ര പറയുന്നു. അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ജയ്‌സ്വാള്‍ 34 പന്തില്‍ 68 റണ്‍സ് അടിച്ചതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.

യശസ്വി ലോകകപ്പിന് പോകും. നിങ്ങള്‍ അവനെ എടുത്തില്ലെങ്കില്‍ അത് അന്യായമാണ്. അവന്‍ റണ്‍സ് നേടുന്നുണ്ട്.. ഇപ്പോള്‍ അവന്‍ ഗില്ലിനും മുകളിലായി. നിങ്ങള്‍ക്ക് ഇനി അവനെ തൊടാന്‍ കഴിയില്ല.

ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യക്ക് ഇതുപോലെ ഒരു താരം ആവശ്യമാണ്. അല്ലെങ്കില്‍, ഈ ലോകകപ്പും 2022 പോലെ തന്നെയാകും, വീണ്ടും വീണ്ടും എല്ലാം പഴയപടിയാകും. കളിയുടെ ശൈലി പഴയത് തന്നെയാകും, വര്‍ഷം മാത്രം മാറി എന്നാകും- ചോപ്ര പറഞ്ഞു.

Image

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.