സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; രോഹിത്തിന് മുന്നറിയിപ്പുമായി ബാല്യകാല കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു നിര്‍ണായക ഉപദേശം നല്‍കി ബാല്യകാല കോച്ച് ദിനേശ് ലാഡ്. ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യുമ്പോള്‍ രോഹിത് ഏറെ ശ്രദ്ധിക്കണമെന്നും ബോളിനെ അതിന്റെ മെറിറ്റ് അനുസരിച്ച് നേരിടാന്‍ ശ്രമിക്കണമെന്നും ദിനേശ് ലാഡ് പറഞ്ഞു.

“ഇംഗ്ലണ്ടില്‍ തീര്‍ച്ചയായും ചില ബുദ്ധിമുട്ടുകള്‍ അവന്‍ നേരിട്ടേക്കാം. കാരണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബോള്‍ കൂടുതല്‍ സ്വിംഗ് ചെയ്യുന്ന പിച്ചുകളാണ് ഇവിടുത്തേത്. ഈ മൂവ്മെന്റ് മനസ്സിലാക്കി കളിക്കണമെങ്കില്‍ വലിയ ഏകാഗ്രത തന്നെ ആവശ്യമാണ്.ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ രോഹിത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ബോളിനെയും അതിന്റെ മെറിറ്റ് അനുസരിച്ച് നേരിടാന്‍ ശ്രമിക്കണം. കാരണം ബോള്‍ നന്നായി മൂവ് ചെയ്യുന്ന വേദികളിലൊന്നാണിത്.”

“ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ടേണ്‍ ചെയ്യുന്ന പിച്ചില്‍ രോഹിത് യഥാര്‍ഥ ക്രിക്കറ്റിങ് ഷോട്ടുകളായിരുന്നു കളിച്ചത്. മറ്റു താരങ്ങളെല്ലാം പതറിയപ്പോഴും അവന്‍ നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലെത്തിയാല്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുതപ്പെട്ട് കളിക്കാന്‍ രോഹിത് ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ദിനേശ് ലാഡ് പറഞ്ഞു.

ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്‌നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.