വീണ്ടും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ അവന്‍ തയ്യാറാണ്; സൂപ്പര്‍ ബാറ്ററെ കുറിച്ച് ഗാംഗുലി

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ വീണ്ടും ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ മേധാവിയുമായ സൗരവ് ഗാംഗുലി. അവന്‍ മികച്ച കളിക്കാരനാണെങ്കിലും അവസരം ലഭിക്കുമോ എന്നത് സ്ലോട്ടുകളെ ആശ്രയിച്ച് ഇരിക്കുമെന്നും എന്നിരുന്നാലും അവനെ ടീം നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.

‘പൃഥ്വി ഷാ ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് അവസരം ലഭിക്കുമോ എന്നത് സ്ലോട്ടുകളെ ആശ്രയിച്ചിരിക്കും. രോഹിത് ശര്‍മ്മയും സെലക്ടര്‍മാരും അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവന്‍ ഒരു നല്ല കളിക്കാരനും, കളിക്കാന്‍ തയ്യാറുമാണ്- ഗാംഗുലി പറഞ്ഞു.

ഇന്ത്യയില്‍ ഏകദിന ലോകകപ്പിന് ആറുമാസം മാത്രം ശേഷിക്കെ ടീം ഇന്ത്യ സെലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും (ജിടി) ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്‌കെ) ഏറ്റുമുട്ടുന്നതോടെ ഐപിഎല്ലിന്റെ പതിനാറാം പതിപ്പ് മാര്‍ച്ച് 31 ന് ആരംഭിക്കും.

ലോകകപ്പിന് മുന്നോടിയായി ശേഷിക്കുന്ന സ്ലോട്ടിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാകും. നിലവില്‍ മികച്ച ഫോമിലുള്ള ഷായ്ക്ക് ഐപിഎല്ലിലും മിന്നും ഫോം തുടരാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാകുമെന്നാണ് കരുതുന്നത്.