ഇന്ത്യന്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ഹാര്‍ദ്ദിക്കിന്റെ വലിയ അവകാശവാദം, ഇത് പാണ്ഡ്യ 2.O

ഐപിഎല്ലിലെ പ്രകടന മികവിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. തന്നെ ഒരിക്കലും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും താന്‍ സ്വയം ഇടവേള എടുത്തതാണെന്നുമാണ് താരം പരഞ്ഞത്.

‘ഞാന്‍ പുറത്തായതിനെ കുറിച്ച് പലര്‍ക്കും അറിയില്ല. അതെന്റെ തീരുമാനമായിരുന്നു. ഒരുപാട് തെറ്റിദ്ധാരണകള്‍ എന്നെ ഒഴിവാക്കി എന്നതാണ്. നീണ്ട ഇടവേളകള്‍ എടുക്കാന്‍ എന്നെ അനുവദിച്ചതിന് ബിസിസിഐയോട് നന്ദിയുണ്ട്. തിരിച്ചുവരാന്‍ പോലും എന്നെ നിര്‍ബന്ധിച്ചില്ല.’ ഗുജറാത്ത് ടൈറ്റന്‍സ് ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ ഹാര്‍ദിക് പറഞ്ഞു.

ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യയ്ക്കായി തുടരുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ‘എനിക്ക് തിരിച്ചുവരവിന്റെ സമയമാണിത്. ഒരുപാട് മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നു, ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. എന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി ഞാന്‍ ചെയ്തത്, എന്റെ രാജ്യത്തിന് വേണ്ടിയും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പാക്കും’ ഹാര്‍ദിക് പറഞ്ഞു.

പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് പൊസിഷന്‍ ഏതായിരിക്കണം എന്നതാണ് ഇന്ത്യന്‍ ടീം നേരിടുന്ന വെല്ലുവിളി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മികച്ച ഐപിഎല്‍ സീസണാണ് ലഭിച്ചത്. തന്റെ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ ട്രോഫിയിലേക്ക് നയിക്കുക മാത്രമല്ല, അവരുടെ മുന്‍നിര റണ്‍സ് സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. സീസണില്‍ അദ്ദേഹം 487 റണ്‍സ് നേടി.

പക്ഷേ ഐപിഎല്ലില്‍ ഹാര്‍ദ്ദിക് പ്രധാനമായും ബാറ്റ് ചെയ്തത് മൂന്നാം നമ്പറല്ലെങ്കില്‍ നാലാം നമ്പറായിട്ടായിരുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ആദ്യ നാല് സ്ഥാനങ്ങളില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിങ്ങനെയാണ് നിലവില്‍ ഓര്‍ഡര്‍. ഹാര്‍ദ്ദിക്കിനെ മൂന്നിലേ നാലിലോ ഇറക്കണോ , അതോ ഫിനീഷറാക്കണോ എന്ന തീരുമാനം ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്.

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുന്നത്. ഈ മാസം 9ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ദക്ഷിണാഫ്രിക്കന്‍ ടീം ഇതിനോടം ഇന്ത്യയിലെത്തി പരിശീലനം ആരംഭിച്ചു.