രാജസ്ഥാന്‍ ഫൈനല്‍ കളിച്ചാല്‍ കോഹ്‌ലിയുടെ റെക്കോഡ് തകരും; വിലയിരുത്തലുമായി ഹര്‍ഭജന്‍

ഐപിഎല്‍ 15ാം സീസണിന്റെ ഫൈനല്‍ വരെ രാജസ്ഥാന്‍ റോയല്‍സിന് എത്താനായാല്‍ ജോസ് ബട്ട്‌ലര്‍ വിരാട് കോഹ് ലിയുടെ 2016 ലെ റെക്കോഡ് തകര്‍ക്കുമെന്ന് ഹര്‍ഭജന്‍ സിംഗ്. 2016ലെ ഐപിഎല്‍ സീസണില്‍ കോഹ്‌ലി നേടിയ 973 റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാന്‍ പോന്ന പ്രകടനമാണ് ബട്ട്‌ലര്‍ ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 618 റണ്‍സാണ് ബട്ട്‌ലറിന്റെ അക്കൗണ്ടിലുള്ളത്.

‘വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ് ബട്ട്‌ലര്‍. അവന്‍ ഇത്തരത്തില്‍ മികച്ച ഫോമില്‍ സ്ഥിരതയോടെ കളിച്ചാല്‍ പിടിച്ചുകെട്ടുക പ്രയാസമാണ്. വരുന്ന മത്സരങ്ങളില്‍ പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമായാല്‍ എങ്ങനെ ബട്ട്‌ലര്‍ അതിനെ അതിജീവിക്കുമെന്നത് കണ്ടറിയണം. എന്നാല്‍ വിക്കറ്റ് നല്ല രീതിയില്‍ തുടര്‍ന്നാല്‍ ബട്ട്‌ലര്‍ക്ക് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കാനാവും. രാജസ്ഥാന്‍ ഫൈനല്‍ കളിച്ചാല്‍ കോഹ്‌ലിയുടെ റെക്കോഡിനെ ബട്ട്‌ലര്‍ തകര്‍ത്തേക്കും’ ഹര്‍ഭജന്‍ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളാണ് ഓരോ ടീമും കളിക്കുന്നത്. ഇതില്‍ മൂന്ന് മത്സരങ്ങള്‍ കൂടിയാണ് ഇനി രാജസ്ഥാന് അവശേഷിക്കുന്നത്. ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബട്ടലര്‍ക്ക് കോഹ്‌ലിയുടെ റെക്കോഡ് മറികടക്കുക സാധ്യമല്ല. അല്ലെങ്കില്‍ ഈ മത്സരങ്ങളില്‍ സെഞ്ച്വറി പ്രകടനം തന്നെ ബട്ട്‌ലര്‍ കാഴ്ചവയ്ക്കണം.

നിലവില്‍ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ച നിലയിലാണ് രാജസ്ഥാനുള്ളത്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിലും ജയിച്ച അവര്‍ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കാനായാല്‍ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കാം.