'അവന്‍ ബുദ്ധിമാനായ കളിക്കാരന്‍', ഇന്ത്യന്‍ താരത്തിന് ഗവാസ്‌കറിന്റെ പ്രശംസ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാഴ്ത്തി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബുംറ ബുദ്ധിമാനായ ബൗളറാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മെച്ചപ്പെടുന്നയാളാണ് ബുംറ. തന്ത്രശാലിയായ പന്തേറുകാരാനാണ് അയാള്‍. ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ബുംറ റണ്‍സ് നേടിയ രീതി നോക്കൂ. ഫീല്‍ഡര്‍ എന്ന നിലയിലും ബുംറ പുരോഗതി കൈവരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ആശ്രയിക്കാവുന്ന ക്രിക്കറ്ററാണ് ബുംറ. സമ്മര്‍ദ്ദ നിമിഷങ്ങളില്‍ പന്തു നല്‍കിയാല്‍ ഒരു മടിയും കൂടാതെ ബുംറ സ്വീകരിക്കും- ഗവാസ്‌കര്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബുംറയുടെ പ്രകടനം ശ്രദ്ധിക്കുക. ഐപിഎല്ലില്‍ ആയാലും ഏകദിനത്തിലായാലും ബുംറ റിവേഴ്‌സ് സ്വിംഗ് കണ്ടെത്തുന്നു. ആ വൈദഗ്ധ്യമുള്ളവര്‍ കുറച്ചുമാത്രമേയുള്ളൂ. ടെസ്റ്റില്‍ റിവേഴ്‌സ് സ്വിംഗ് ചെയ്യിക്കാന്‍ എളുപ്പമാണ്. റെഡ് ബോളില്‍ സീം പരുക്കനായും മാറ്റമില്ലാതെയും ദീര്‍ഘനേരം നിലനില്‍ക്കും. പന്തിന്റെ ഒരു വശത്ത് തിളക്കം കൂടുതലായിരിക്കും. അതിനാല്‍ റിവേഴ്‌സ് സ്വിംഗ് കണ്ടെത്താന്‍ ധാരാളം അവസരം ലഭിക്കുമെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.