സൈനി വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നേനെ; മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗംഭീര്‍

മൂന്ന് വിക്കറ്റ് എടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയാണ് ഇന്ത്യന്‍ സ്‌പേസര്‍ നവ്ദീപ് സൈനി ടി20യില്‍ ചരിത്രം കുറിച്ചത്. സൈനിയുടെ മികവ് എല്ലാവരും വാനോളം ഉയര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറെത്തി.

ഗൗതം ഗംഭീറായിരുന്നു സൈനിയുടെ മികവ് ആദ്യം തിരിച്ചറിയുന്നതും, ആഭ്യന്തര ക്രിക്കറ്റിലേക്ക് കൊണ്ടുവന്നതും. സൈനി ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചതില്‍ ഏറെ സന്തോഷിക്കുന്നവരില്‍ ഒരാളാണ് ഗംഭീര്‍.

ഡല്‍ഹിയില്‍ നടന്ന ഒരു പരിശീല സെക്ഷനിടെയാണ് സൈനി പന്തെറിയുന്നത് കണ്ട് ഡല്‍ഹി ടീമില്‍ സൈനിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് ഉണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ബിഷന്‍ സിംഗ് ബേദിയും, ചേതന്‍ ചൗഹാനും ഇതിനെ എതിര്‍ക്കുകയായിരുന്നു.

സൈനിയെ എങ്ങനെയും ടീമില്‍ ഉള്‍പ്പെടുത്താനായി ഗംഭീര്‍ വഴക്കിട്ടിരുന്നു. സൈനി വിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചതോടെ അന്ന് സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ത്ത ബിഷന്‍ സിംഗ് ബേദിയ്‌ക്കെതിരെയും, ചേതന്‍ ചൗഹാനെതിരെയും ആഞ്ഞടിച്ച് ഗംഭീര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗംഭീറിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്.