അവനെ ആജീവനാന്തം വിലക്കണം, ഗ്രൗണ്ടിലിറക്കരുത്; ആവശ്യവുമായി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിനെ മുംബൈ ഇന്ത്യന്‍സിലെ സഹതാരം കയ്യേറ്റം ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അങ്ങനെയൊരു സംഭവത്തിന് കാരണക്കാരനായ താരത്തെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു.

‘ആ താരത്തെ വീണ്ടും ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ അനുവദിക്കാതിരിക്കുകയാണു വേണ്ടത്. ജീവിതകാലം മുഴുവന്‍ ക്രിക്കറ്റില്‍നിന്നും വിലക്കണം. ഇന്നത്തെക്കാലത്താണ് അങ്ങനെയൊരു സംഭവം നടക്കുന്നതെങ്കില്‍ ആ താരത്തെ വിലക്കുകയും ചികിത്സയ്ക്കു വിടുകയുമാണു വേണ്ടത്.’

‘സംഭവിച്ച കാര്യങ്ങള്‍ തമാശയായാണ് അയാള്‍ എടുത്തതെങ്കിലും അല്ലെങ്കിലും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അനുവദിക്കാതിരിക്കണം. അപ്പോഴാണ് അയാള്‍ക്ക് കാര്യം മനസ്സിലാകുക’ ശാസ്ത്രി പറഞ്ഞു.

2013 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്ന കാലത്ത് തനിക്ക് നേരിട്ട് ഒരു അനുഭവമാണ് ചഹല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സ് പങ്ക് വെച്ചിരിക്കുന്ന വിഡിയോയില്‍ താരം അശ്വിനോടാണ് സംഭവം വിവരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ-

‘ഞാന്‍ ഇത് ആരോടും പറഞ്ഞിട്ടില്ല, 2013 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന സമയത്താണ് സംഭവം. അന്ന് ഞങ്ങള്‍ക്ക് ബാംഗ്ലൂരിനോട് ഒരു മത്സരം ഉണ്ടായിരുന്നു. മത്സരശേഷം ഒരു പാര്‍ട്ടിയും ഉണ്ടായിരുന്നു അവിടെ. ആ താരം ഒരുപാട് കുടിച്ചിരുന്നു അന്ന്. അയാളുടെ പേര് ഞാന്‍ പേരില്ല.അയാള്‍ കുറെ നേരമായി എന്നെ നോക്കുന്നുണ്ടായിരുന്നു.’

‘പതിനഞ്ചാം നിലയിലെ ബാല്‍ക്കണി ഭാഗത്ത് വെച്ചിട്ട് അയാള്‍ ബാല്‍ക്കണിയില്‍ വന്ന് എന്റെ കഴുത്തില്‍ കയറി പിടിച്ചു. എനിക്ക് ബാലന്‍സ് നഷ്ടമായി. അവിടെ ഉണ്ടായിരുന്ന ആരൊക്കെയോ എന്നെ രക്ഷിച്ചു, തല കറങ്ങുന്ന പോലെ തോന്നിയ എനിക്ക് വെള്ളം തന്നു. നമ്മള്‍ എവിടെ പോയാലും ഒരുപാട് സൂക്ഷിക്കണം എന്ന് അന്നെനിക്ക് മനസിലായി’ ചഹല്‍ പറഞ്ഞു.