ഇന്ത്യയുടെ മൂന്ന് ബെസ്റ്റ് ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്ത് വെങ്കടേഷ്, കൈഫിനെ തഴഞ്ഞു, ഇടംപിടിച്ച് സര്‍പ്രൈസ് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം എല്ലാ കാലത്തും മികച്ച ഫീല്‍ഡര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്ന് ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വെങ്കടേഷ് പ്രസാദ്. ആരാധകരുമായുള്ള ചോദ്യത്തോത്തര വേളയിലാണ് വെങ്കടേഷ് തിരഞ്ഞെടുപ്പ് നടത്തിയത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, വിരാട് കോഹ്‌ലി എന്നിവരെ ഒഴിവാക്കിയ വെങ്കടേഷ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെയാണ് മികച്ച ഫീല്‍ഡര്‍മാരായി തിരഞ്ഞെടുത്തത്.

നിലവില്‍ നടന്നു കൊണ്ടുരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 32 റണ്‍സിനും തോറ്റ ഇന്ത്യയെ പിന്തുണയ്ക്കുന്ന സമീപനമാണ് വെങ്കടേഷ് സ്വീകരിച്ചത്. ഓസ്ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പരമ്പര നേടിയ ടീമാണ് ഇന്ത്യയെന്നും ആ ടീം കരുത്തിനെ വിലകുറച്ചുകാണാനാവില്ലെന്നും വെങ്കടേഷ് പറഞ്ഞു.

ഇന്ത്യ കോമാളികളുടെ നിരയല്ല. ഓസ്ട്രേലിയക്കെതിരേ ഓസ്ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പരമ്പര നേടിയ ടീമാണ്. പ്രധാന താരങ്ങളില്ലാതെ പോലും ഇന്ത്യക്ക് പരമ്പര നേടാനായി. എന്നാല്‍ 11 വര്‍ഷത്തോളമായി ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത എന്തോ ഒരു പ്രശ്നം ഇന്ത്യയെ വേട്ടയാടുന്നുണ്ട്- വെങ്കടേഷ് പറഞ്ഞു.