അയ്യര്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് മുന്‍ ഓസീസ് താരം

ക്രിക്കറ്റിലെ എല്ലാ രൂപങ്ങളിലും നായക സ്ഥാനം വിരാട് കോഹ്ലി ഉപേക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. താരസമ്പന്നമായ ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ മുതലുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നു നായകപദവിയില്‍. എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് ശ്രേയസ് അയ്യരിലാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ കാണുന്നത്.

ശ്രേയസ് പരിക്കിനെ മറികടന്നാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ ട്വന്റി20 ലോക കപ്പ് ടീമിലും ഇടംലഭിച്ചില്ല. അതിനാല്‍ താരം നല്ല സമ്മര്‍ദ്ദത്തിലായിരുന്നു. അതിനെയെല്ലാം ശ്രേയസ് അതിജീവിച്ചു. അവനില്‍ ഞാന്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ കാണുന്നു- ഹോഗ് പറഞ്ഞു.

ശ്രേയസിനെ പോലുള്ള കളിക്കാരുള്ളതാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒന്നാം നിരക്കാരാക്കുന്നത്. ശ്രേയസിന് തന്റെ ദൗത്യത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. ടീം മാന്‍ എന്നതിനാല്‍ തന്നെ താന്‍ കൈവശംവച്ചിരുന്ന നായകസ്ഥാനത്ത് ഋഷഭ് പന്ത് തുടര്‍ന്നത് ശ്രേയസിനെ ഉലച്ചില്ല. ടീമിനാണ് ശ്രേയസ് പ്രഥമ സ്ഥാനം നല്‍കുന്നതെന്നും ഹോഗ് പറഞ്ഞു.