യുവീ.., ഈ കപ്പിന് വേണ്ടി നീ നിന്റെ ജീവിതമാണ് അടിയറവ് വെച്ചത്.. നമുക്ക് ലോക കപ്പ് കിട്ടി.. ഇനി വേണ്ടത് നിന്‍റെ ജീവനാണ്.. അതും നമ്മള്‍ തിരിച്ചു പിടിക്കും

ഹാരിസ് മരത്തംകോട്

Tribute to a real life hero.

അച്ഛന്റെ കോള്‍ വരാത്തതില്‍ യുവരാജ് അസ്വസ്ഥനായിരുന്നു.. ആ കോളിന് തന്റെ ജീവന്റെ വില ആണ് ഇപ്പോള്‍…. 2011 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പതിവിലും ഉയര്‍ന്ന ആത്മവിശ്വാസത്തിലായിരുന്നു യുവി.. ഫോമിന്റെ പരമോന്നതിയിലാണ് താന്‍… ഇന്ത്യന്‍ മണ്ണില്‍ ബോള് കൊണ്ടും തനിക്ക് തന്റേതായ റോള്‍ ചെയ്യാനുണ്ടാകും..

ക്ലോക്കിന്റെ പെന്‍ഡുലം പോലെ ബാറ്റിങും ബൗളിംഗും സമാസമം ചേര്‍ത്ത ഒരു ഫോര്‍മുല പണ്ട് under 19 ലോകകപ്പിലും ഇന്നത്തെ ക്യാപ്റ്റന്റെ കീഴില്‍ ആദ്യ 20/20 ലോകകപ്പിലും ഫലപ്രദമായതാണ്..ഇന്നലെ സച്ചിന്‍ പാജിയെ വിളിച്ചപ്പോളും ഭായ് പറഞ്ഞത്, യുവീ.. ഇത് ലാസ്റ്റ് ചാന്‍സ് ആണ്.. നിനക്ക് രണ്ടെണ്ണം ഉണ്ടെന്ന് കരുതി ഉഴപ്പരുത്.. എനിക്കിത് ലാസ്റ്റ് ചാന്‍സ് ആണ്… എന്നാണ്.. അണ്ണന് വേണ്ടി ഞാനിതും നേടും, പണ്ടും അങ്ങിനെ ആര്‍ന്നു.. ആരെന്ത് ചോദിച്ചാലും പറ്റില്ല എന്ന് പറയാന്‍ അറിയില്ല..

അല്ലേല്‍ 14 വയസ്സ് വരെ ടെന്നീസും റോളര്‍ സ്‌കേറ്റിങും ഇഷ്ടപ്പെട്ടിരുന്ന താന്‍… അതും അണ്ടര്‍ 14റോളര്‍ സ്‌കേറ്റിങ് നാഷണല്‍ ചാമ്പ്യനായി മെഡല്‍ അച്ഛന്‍ യോഗ് രാജ് സിങിനെ ഏല്‍പ്പിച്ചപ്പോള്‍,
‘ആ മെഡല്‍ ദൂരെ കളയെടാ.. നീ ക്രിക്കറ്റ് കളിച്ചാല്‍ മതി’ എന്ന് പറഞ്ഞ അച്ഛനെ,ഒരുപാട് സങ്കടത്തോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.. അച്ഛനെ കുറ്റം പറയാന്‍ കഴിയില്ല.. ഇന്ത്യക്ക് വേണ്ടി കളിച്ച ആ പിതാവിന് തന്റെ മകന്‍ ഇന്ത്യക്ക് വേണ്ടി കളിക്കണം എന്ന ആഗ്രഹം എത്രത്തോളം ഉണ്ടാവും..

അച്ഛന്റെ കീഴില്‍ പരിശീലിക്കാം.. നീ ആ ബാറ്റൊന്ന് എടുക്ക്.. അവസാനം ബാറ്റുമായി ഇറങ്ങി.. എന്തൊക്കെയോ പറഞ്ഞു തന്നു.. കവര്‍ ഡ്രൈവ് എന്നൊക്കെ പറഞ്ഞ് തന്ന ബോളൊക്കെ താന്‍ മുട്ടിലിരുന്ന് ലെഗ്‌സൈഡിലേക്ക് വീശി തുടങ്ങി.. അവസാനം ദേഷ്യം പിടിച്ച അച്ഛന്‍ ഫോണെടുത്ത് ആരെയോ വിളിച്ചു.. പിറ്റേ ദിവസം തന്നേയും കൂട്ടി ബാറ്റിങ് കോച്ചിനടുത്തേക്ക്,, ആരാണെന്നോ സാക്ഷാല്‍ നവജ്യോത്സിങ് സിദ്ധു.. ബാറ്റ് ചെയ്യാന്‍ വിട്ടു.. തന്റെ നേരെവന്ന ഒരു ഫുല്‍ടോസ്സ് ,ലെഗ് സൈഡിലേക്ക് വീശി.. സ്റ്റംപ് തെറിച്ചു.. സിദ്ധു അച്ഛനെവിളിച്ചു പറഞ്ഞു, ചെക്കന്‍ ആ റോളര്‍ സ്‌കേറ്റില്‍ കയറി പായട്ടേന്ന്.. ഇവനെ തയ്യാക്കി എടുത്ത് ഇന്ത്യന്‍ ടീം വരെ എത്തിക്കാന്‍ ചില്ലറ പാടാണ്.. എന്നാലും ഒരാഴ്ച വരട്ടെ..

ആ ഒരാഴ്ച കഴിഞ്ഞ് സിദ്ധു അച്ഛനോട് പറഞ്ഞു.. ഇവന്‍ ഇന്‍ബോണ്‍ കളിക്കാരനാണ്.. താന്‍ കരുതിയതിനും മുമ്പ് തന്നെ ഇവന്‍ ഇന്ത്യക്ക് കളിക്കും.. ആ പതിനാലാം വയസ്സില്‍ തന്നെ പഞ്ചാബ് under 16 ടീമില്‍ എത്തി.. അവിടുന്ന് അണ്ടര്‍ 19 ടീമിലും.. ബാക്കി എല്ലാം ചരിത്രം..

അച്ഛന്റെ കോള്‍… ഫോണെടുത്തു, അച്ഛന് സംസാരിക്കാന്‍ കിട്ടാത്ത പോലെ, സിഖുക്കാരന്‍ കരയാന്‍ പാടില്ല എന്നതൊക്കെ മറന്ന പോലെ ചെറിയ ഏങ്ങലടികള്‍ വന്ന് തുടങ്ങി.. ഗദ്ഗദം നിറഞ്ഞ ആ വാക്കുകള്‍ ഒഴുകി എത്തി.. ‘മോനേ, റിസള്‍ട്ട് കിട്ടി.. നീ തളരരുത്.. ലോകത്ത് എവിടെപോയാലും വേണ്ടില്ല.. നമ്മളിതിനെ നേരിടും’… തനിക്ക് ക്യാന്‍സര്‍ ആണെന്നാണ് ആ പറഞ്ഞത്.. താനെന്ന ബലൂണ്‍ കാറ്റ് തീരാനായി എന്നര്‍ത്ഥം.. ‘ഞാന്‍ അങ്ങോട്ട് വരാം’ എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു..

അച്ഛന്‍ വന്നതും തന്നെ കെട്ടിപിടിച്ചു, നെറുകയില്‍ മുത്തം നല്‍കി.. ആ പിടിത്തം വിടുന്നില്ല.. അച്ഛന്‍ കരയുകയാണോ.. അത് ഇപ്പോള്‍ കരച്ചില്‍ തനിക്ക് കേള്‍ക്കാം.. നമുക്ക് ലോകകപ്പ് കളിക്കണ്ട മോനേ, ഇപ്പോ ചികിത്സിച്ചാല്‍ റിക്കവറിചാന്‍സ് ഉണ്ട്.. ശാന്തനായി ഇത് കേട്ട് നിന്ന യുവരാജ് പറഞ്ഞു..’ എനിക്ക് ഈ ലോകകപ്പ് കളിക്കണം അച്ഛാ.. അച്ഛന് വേണ്ടി, എന്റെ സച്ചിന് വേണ്ടി ഈ ലോകകപ്പ് നേടണം.. ഇനി അഥവാ മരിക്കുകയാണേല്‍ ആ ലോകകപ്പ് എന്റെ കയ്യിലുണ്ടാവണം’ ആ നിശ്ചയ ദാര്‍ഢ്യത്തിന് മുമ്പില്‍ ആ അച്ഛന്‍ അടിയറവ് പറഞ്ഞു..

ധോണിയോടും സച്ചിനോടും ഇത് പറഞ്ഞു.. ബാക്കി രഹസ്യമാക്കി വെക്കാനും തീരുമാനിച്ചു. ആ ലോകകപ്പ് ഇന്ത്യ നേടി.. യുവരാജിന് വേണ്ടി, യുവരാജിന്റെ അച്ഛന് വേണ്ടി, സച്ചിന് വേണ്ടി, ധോണിക്ക് വേണ്ടി.. ആ പതിനഞ്ചംഗ ടീമിന് വേണ്ടി.. 132 കോടി ഇന്ത്യന്‍ ജനതക്ക് വേണ്ടി. മത്സര ശേഷം സച്ചിന്‍ ഓടി വന്ന് യുവിയെ ഗാഢമായി കെട്ടിപിടിച്ചു.. ചെവിയില്‍ പറഞ്ഞു. യുവീ, പോരാളീ, ഈ കപ്പിന് വേണ്ടി നീ നിന്റെ ജീവിതമാണ് അടിയറവ് വെച്ചത്.. നമുക്ക് ലോകകപ്പ് കിട്ടി.. ഇനി വേണ്ടത് നിന്റെ ജീവനാണ്.. അതും നമ്മള്‍ തിരിച്ചു പിടിക്കും.’

അങ്ങനെ ടൂര്‍പോകാന്‍ പോത്തും കയറും ആയി വന്ന കാലന്റെ കയ്യില്‍ നിന്നും ആ ജീവന്‍ തിരിച്ചു വാങ്ങി എടുത്ത യുവരാജാവിന് ഇന്ന് 41ആം പിറന്നാള്‍.. Happy Birthday Yuvraj.