അന്ന് കോഹ്‌ലിക്ക് വേണ്ടി എല്ലാവരും അയാളെ കൂവി, ഇന്ന് അതെ നവീനായി കൈയടിച്ചു; കോഹ്‌ലി- നവീൻ പ്രശ്നം പരിഹരിച്ചരിച്ചതിന് ശേഷം സംഭവിച്ചത് ഇങ്ങനെ

കോഹ്‌ലി – നവീൻ ഉൾ ഹഖ് പ്രശ്നം എന്താണെന്ന് ആരാധകർക്ക് അറിയാം. ഇരുവരും തമ്മിൽ പ്രാശനം ഉണ്ടായ ശേഷം കോഹ്‌ലിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും നവീന് കാര്യങ്ങൾ അത്ര സുഖകരം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ കോഹ്‌ലിയുടെ പേരും പറഞ്ഞ് ആരാധകരുടെ ചീത്തവിളി, ഒരു ഫോട്ടോ പോലും ഇടാൻ പറ്റാത്ത അവസ്ഥ. അങ്ങനെ പോകുന്നതിനിടെ ഏകദിന ലോകകപ്പോടെ താൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുമെന്നും നവീൻ പ്രഖ്യാപിച്ചു.

നവീൻ ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിനായും കോലി ആർസിബിക്കായും കളിക്കവെയാണ് നാടകീയ സംഭവമുണ്ടാകുന്നത്. അന്ന് കൈയാങ്കളിയുടെ വക്കോളം വാക്കേറ്റമെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പിൽ ഇരുവരും വീണ്ടും നേർക്കുനേർ വന്നപ്പോൾ ആരാധകർ അതിനെ ഉറ്റുനോക്കി. കോഹ്‌ലിയുടെ സ്വന്തം ഡൽഹിയിൽ നടന്ന മത്സരത്തിൽ നവീൻ പന്തെറിയാൻ എത്തിയപ്പോഴും ഫീൽഡ് ചെയ്യാൻ എത്തിയപ്പോഴും എല്ലാം കോഹ്‌ലി കോഹ്‌ലി എന്ന് ആരാധകർ പറഞ്ഞുകൊണ്ടിരുന്നു . ഇങ്ങനെ വിളിക്കുന്നത് നിർത്താൻ കോഹ്‌ലി തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മത്സരശേഷം ഇരുവരും കൈകൊടുത്ത് കെട്ടിപിടിച്ച് പ്രശ്നം പറഞ്ഞ് തീർത്ത ചിത്രം സോഷ്യൽ മീഡിയയിൽ വന്നു. തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഇരുവരും തുറന്ന് സമ്മതിച്ചു. അതോടെ നവീൻ വിരോധം പതുക്കെ കുറഞ്ഞു തുടങ്ങി. ഇന്ന് ഇംഗ്ലണ്ടിനെതിരെ അതെ ഡൽഹിയിൽ നവീൻ കളിക്കാൻ എത്തിയപ്പോൾ എല്ലാവരും അയാൾക്കായി കൈയടിച്ചു. ജോസ് ബട്ട്ലറുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തെ അഭിനന്ദിച്ചു. എന്തായാലും ഒരിക്കലും അപമാനിക്കപ്പെട്ട സ്ഥലത്ത് ഇന്ന് നല്ല സ്വീകരണമാണ് കിട്ടിയത്.

മത്സരത്തിലേക്ക് വന്നാൽ ഈ ലോകകപ്പ് തുടങ്ങിയതിൽ പിന്നെ അത്രയൊന്നും ആവേശകരമായ മത്സരങ്ങൾ കണ്ടിട്ടില്ലെന്ന ആരാധകരുടെ പരാതി തീർന്നു. സമീപകാല ക്രിക്ക്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട ദിവസത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ വിജയക്കൊടി പാറിച്ചു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 215 റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന് 69 റൺസിന്റെ തകർപ്പൻ ജയവും ലോകകപ്പിലെ പുതുജീവനും കിട്ടി. കളിയുടെ എല്ലാ മേഖലയിലും ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അഫ്ഗാൻ അട്ടിമറി നടത്തിയത്.