എന്നാ ഒത്തൊരുമൈ! കൂട്ടുകുടുംബങ്ങളിൽ ഇല്ലാത്ത പരസ്പര ധാരണയിൽ ബാംഗ്ലൂരിലെ ബോർമാർ; ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഇതുപോലെ ഒരു സംഭവം ആദ്യമായിരിക്കും

ബാംഗ്ലൂർ ബോളറുമാരെ പൊതുവെ ക്രിക്കറ്റ് പ്രേമികൾ വിളിക്കുന്ന പേര്- ചെണ്ടകൾ എന്നാണ്. എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ. കാലാകാലങ്ങളായി പല സീസണുകളിൽ ബാംഗ്ലൂരിന്റെ താളം തെറ്റിക്കുന്നത് അവരുടെ ബോളറുമാർ തന്നെയാണ്. “ഒട്ടും ഫോമിൽ അല്ലാത്ത താരങ്ങൾ വരെ ബാംഗ്ലൂർ ബോളറുമാരുടെ കൂടെ കളിച്ചാൽ നല്ല ഫോമിലെത്തും.” ബാംഗ്ലൂർ വിരോധികൾ പറഞ്ഞ് നടക്കുന്ന വാചകം അല്ല ഇത്. അവരുടെ ടീമിന്റെ കടുത്ത ആരാധകർ പോലും അംഗീകരിക്കുന്ന കാര്യമാണ് ഇതെന്ന് പറയാം.

ആദ്യ സീസൺ മുതൽ ഇന്ന് 16 ആം സീസൺ വരെ എടുത്താൽ ടീമിലെ ബോളറുമാർ നിലവാരത്തിൽ പന്തെറിഞ്ഞ മത്സരങ്ങൾ വളരെ കുറവാണ്. ലോക ക്രിക്കറ്റിലെ മികച്ച ബോളറുമാർ പോലും ബാംഗ്ലൂരിൽ എത്തുമ്പോൾ നല്ല അസൽ തല്ലുകൊള്ളികൾ ആകുന്നു. ഇന്നലെ നടന്ന ബാംഗ്ലൂർ – മുംബൈ മത്സരത്തിൽ ബാംഗ്ലൂരിൽ കളിച്ച ലോക നിലവാരമുള്ള ബോളറുമാരായ മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്, ഹസരംഗ തുടങ്ങിയവർ എല്ലാം മികച്ച താരങ്ങളാണ്. ടീമിന്റെ കടുത്ത ആരാധകർ ഇവരിൽ നിന്നും മികച്ച പ്രകടനം ആഗ്രഹിച്ചുപോകും. എന്നാൽ അതെല്ലാം കാറ്റിൽ പരത്തി പകർച്ചപനി കിട്ടിയതുപോലെയാണ് ഈ ബോളറുമാരുടെ ഇപ്പോഴത്തെ അവസ്ഥ.

ഇന്നലെ മുംബൈക്ക് എതിരെ പന്തെറിഞ്ഞ ബാംഗ്ലൂർ ബോളറുമാരുടെ ഇക്കണോമി ഒന്ന് നോക്കാം:

സിറാജ് – 10 .30
ഹസരംഗ – 13.20
ഹേസൽവുഡ് – 10.67
വിജയകുമാർ- 12.30
ഹർഷൽ – 11.70

മുംബൈയിലെ പിച്ചിൽ 199 അത്ര വലിയ ലക്‌ഷ്യം ഒന്നും അല്ലെങ്കിലും അതിന്റെ മുന്നിൽ ഒന്ന് പൊരുതാൻ പോലും സാധിക്കാതെയാണ് ഇന്നലെ ബാംഗ്ലൂർ വീണത്. ഈ സീസണിൽ തുടക്ക മത്സരങ്ങളിൽ മികച്ച ഫോമിൽ ഉണ്ടായിരുന്ന സിറാജടക്കം എല്ലാവരും ഫ്ലോപ്പായി. 10 റൺസിന് മുകളിൽ ടീമിലെ എല്ലാ ബോളറുമാരും വഴങ്ങുമ്പോൾ ആ ടീമിന്റെ നായകന്റെ അവസ്ഥ ഒന്ന് ആലോചിക്കുക, ഫാഫ് ഇന്നലെ അങ്ങനെ ഒരു അവസ്ഥയിലാണ് ഫീൽഡ് നിയന്ത്രിച്ചത്.