എഡ്ജ്ബാസ്റ്റണില്‍ തോല്‍വി ഉറപ്പിച്ച് ഇംഗ്ലണ്ട്; കരുത്ത് തെളിയിച്ച് ന്യൂസിലന്‍ഡ്

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഉറപ്പിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 122/9 എന്ന നിലയിലാണ് ഇംഗ്ലണ്ട്. വെറും 37 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിന് ഇപ്പോഴുള്ളത്.

29 റണ്‍സ് നേടിയ മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. ഒലി പോപ്പ് 23 റണ്‍സ് നേടി. മൂന്ന് വീതം വിക്കറ്റ് വീതം വീഴ്ത്തി മാറ്റ് ഹെന്റിയും നീല്‍ വാഗ്‌നറുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. അജാസ് പട്ടേല്‍ രണ്ടും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 388 റണ്‍സില്‍ അവസാനിച്ചു. 85 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡിന് നേടാനായത്. കോണ്‍വെ (80), വില്‍ യംഗ് (82), ടെയ്‌ലര്‍ (80) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് നാല് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡ്, ഒല്ലി സ്റ്റോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ആന്‍ഡേഴ്‌സണ്‍, ഡാന്‍ ലോറന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 303 റണ്‍സില്‍ അവസാനിച്ചിരുന്നു.