ഒന്നാംസ്ഥാനത്തിനായി ഓസീസ് ജയിച്ചു; ഇംഗ്ലീഷ് അടിയറവ് അഞ്ച് വിക്കറ്റിന്

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആശ്വാസ ജയം. ആതിഥേയര്‍ മുന്നോട്ടു വെച്ച 146 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസീസ് മറികടന്നു. ജയത്തോടെ ഐ.സി.സി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചു പിടിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 145 റണ്‍സിലൊതുങ്ങുകയായിരുന്നു. ഓപ്പണ്‍ ജോണി ബെയര്‍സ്റ്റോയുടെ (55) പ്രകടനമാണ് ഇംഗ്ലണ്ടിനു തുണയായത്. ജോ ഡെന്‍ലി (29*), ക്യാപ്റ്റന്‍ മോയിന്‍ അലി (23), ഡേവിഡ് മലാന്‍ (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇയോന്‍ മോര്‍ഗനു ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചതോടെയാണ് അലി ക്യാപ്റ്റനായത്.

Image

39 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മിച്ചെല്‍ മാര്‍ഷുമാണ് ഓസീസിന്റെ ടോപ്സ്‌കോറര്‍മാര്‍. മാര്‍ക്കസ് സ്റ്റോയ്ണിസ് (26), ആഷ്ടണ്‍ ആഗര്‍ (16*), മാത്യു വെയ്ഡ് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

Image

ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കുക എന്നതായിരുന്നു മൂന്നാം മത്സരത്തില്‍ ഓസീസിന്റെ ലക്ഷ്യം. ജയത്തോടെ 275 പോയിന്റുമായി ഓസീസ് റാങ്കിംഗില്‍ ഒന്നാമതായി. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 271 പോയിന്റാണുള്ളത്. ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്.