ഇംഗ്ലണ്ട് പേസര്‍മാര്‍ തീ തുപ്പുന്നു; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന തുടക്കം. രണ്ടിന് 215 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് സുപ്രധാന വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 6ന് 257 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

കളിയാരംഭിച്ച് മൂന്നാം പന്തില്‍ ചേതേശ്വര്‍ പുജാര (91) പുറത്താകുന്നത് കണ്ടുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. തലേദിവസത്തെ സ്‌കോറില്‍ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ഒലി റോബിന്‍സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുജാര മടങ്ങി. അര്‍ദ്ധ ശതകം തികച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (55) അധികം മുന്നോട്ടുപോയില്ല. കോഹ്ലിയുടെ വിക്കറ്റും റോബിന്‍സന്‍ സ്വന്തമാക്കി.

അജിന്‍ക്യ രഹാനെയെ (10) ജയിംസ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തി. ഋഷഭ് പന്തിനെ കൂടാരം കയറ്റി റോബിന്‍സണ്‍ ആകെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും (8 നോട്ടൗട്ട്) മുഹമ്മദ് ഷമിയുമാണ് (0 നോട്ടൗട്ട്) ഇന്ത്യക്കായി ക്രീസില്‍.