ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾ കൊണ്ട് ആരെയും എഴുതി തളളരുത്, ഗില്ലിനെ കുറ്റം പറഞ്ഞവർ ഒകെ ഇപ്പോൾ എവിടെ; ഇന്ത്യൻ ആരാധകരോട് പാർഥിവ് പട്ടേൽ

മുൻ ഇന്ത്യൻ കീപ്പർ-ബാറ്റർ പാർഥിവ് പട്ടേൽ, ഏതാനും കളികളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ആരാധകരും വിദഗ്ധരും ശുഭ്മാൻ ഗില്ലിനെതിരെ വിരൽ ചൂണ്ടിയതിനെ വിമർശിച്ചു. പട്ടേലിന്റെ അഭിപ്രായത്തിൽ, ഒരുപിടി മോശം പ്രകടനം നടത്തി എന്ന പേരിൽ ഒരു കളിക്കാരെ പുച്ഛിക്കുന്നതും കളിയാക്കുന്നതും നിർത്തണം എന്നും പറയുകയാണ്.

ശുഭ്മാൻ ഗിൽ എന്ന യുവതാരത്തെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഭാവി യുവരാജാവായി ആളുകൾ അവരോധിച്ചപ്പോൾ കോഹ്‌ലിക്ക് ശേഷം ആളുകൾ അയാളിലൂടെ പലതും സ്വപ്നം കണ്ടിരുന്നു. കോപ്പി ബുക്ക് ഷോട്ടുകളും സെറ്റ് ആയി കഴിഞ്ഞതിന് ശേഷമുള്ള അറ്റാക്കിങ് ബാറ്റിങ്ങും എല്ലാം കോഹ്‌ലിയെ പോലെ തന്നെ ആയതോടെ അയാൾ വാർത്തകളിൽ നിറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായി മാറിയതോടെ ഭാവിയിൽ ഗിൽ – കോഹ്‌ലി കൂട്ടുകെട്ടിലൂടെ പിറക്കുന്ന റൺസുകളെക്കുറിച്ച് ഇന്ത്യൻ ആരാധകർ ചർച്ച ചെയ്തു.
സ്ഥിരതയോടെയുള്ള പ്രകടനങ്ങൾ പ്രതീക്ഷിച്ചിവർക്ക് തെറ്റി. ദുർബലരായ കരീബിയൻ ടീമിനെതിരെ ടെസ്റ്റ് ഏകദിനം പരമ്പരകളിൽ കളിച്ച 5 മത്സരങ്ങളിൽ നിൻ നേടിയത് 1 അർദ്ധ സെഞ്ച്വറി മാത്രമാണ്. ടി 20 യിലേക്ക് വരുമ്പോൾ സെറ്റ് ആകുമെന്ന് വിചാരിച്ചവരെ പോലെ ഞെട്ടിച്ചുകൊണ്ട് 5 മത്സര പരമ്പരയിലെ മൂന്നെണ്ണത്തിൽ നിരാശപ്പെടുത്തിയ ഗിൽ ആകെ 16 റൺ മാത്രമാണ് നേടിയത്.

ഇവനാണോ ഭാവി രാജാവ്, ആദ്യം കോളേജ് ടീമിൽ കളിക്കട്ടെ എന്നൊക്ക വരെ ആളുകളെ കൊണ്ട് പറയിപ്പിച്ച താരം അതിനെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ടീം മാനേജ്‌മന്റ് തന്നിൽ അർപ്പിച്ച വിശ്വാസത്തോട് 100 % നീതി പുലർത്തി ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ അഴിഞ്ഞാടി. 47 പന്തിൽ 77 റൺസെടുത്ത ഇന്നിങ്സിൽ തുടക്കത്തിൽ പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ താരം ടോപ് ഗിയറിൽ എത്തി. കോപ്പി ബുക്ക് ഷോട്ടുകൾ മുതൽ ഇന്നൊവേറ്റീവ് ഷോട്ടുകൾ വരെ അയാളുടെ ബാറ്റിൽ നിന്ന് മഴ പോലെ പെയ്തിറങ്ങി.

ഗില്ലിനെക്കുറിച്ച് പാർഥിവ് പട്ടേൽ പറഞ്ഞത് ഇങ്ങനെ- “ശുബ്മാൻ ഗിൽ മികച്ച പ്രകടനമായിരുന്നു നടത്തിയത്. ശുഭ്മാൻ ഗില്ലിന്റെ കഴിവുകൾ നമുക്കറിയാം; റൺസ് ലഭിക്കാത്ത ഒരാളെ ചോദ്യം ചെയ്യുന്ന പ്രവണത നമുക്കുണ്ട്. അവിടെയും ഇവിടെയും ഒന്നുരണ്ട് പ്രകടനങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് ടി20 കളിക്കാൻ കഴിയില്ലെന്നോ ഏകദിനം കളിക്കാൻ കഴിയില്ലെന്നോ നമ്മൾ പറയരുത്. ”

“നമ്മൾ കളിക്കാരിലും അവരുടെ പ്രകടനങ്ങളിലും വിശ്വാസം നിലനിർത്തണം. നിങ്ങൾ ആക്രമണാത്മക ക്രിക്കറ്റ് കളിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ പുറത്തായേക്കാം, പ്രത്യേകിച്ച് ടി20 ഫോർമാറ്റ് കളിക്കുന്ന ഒരു ഓപ്പണർ, ”അദ്ദേഹം കൂട്ടിച്ചേർത്തു.