ആ രണ്ട് താരങ്ങളെ ഒഴിവാക്കിയുള്ള ടി20 ലോകകപ്പ് ടീമിനെ കുറിച്ച് ചിന്തിക്കരുത്; ബിസിസിഐയോട് വസീം അക്രം

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും ഉള്‍പ്പെടുത്തണണമെന്ന് പാകിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് സെമിഫൈനലിന് ശേഷം രോഹിതും വിരാടും ടി20 അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിച്ചിട്ടില്ല.

ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള പുതിയ ടി20 ടീമുമായി 2024 ലോകകപ്പ് കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് അക്രത്തിന്റെ പ്രതികരണം. ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ നടന്ന ചടങ്ങില്‍ രോഹിത് ശര്‍മ്മ ടി20 ലോകകപ്പ് 2024 കളിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആവേശം പ്രകടിപ്പിച്ചിരുന്നു.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. രോഹിതിനെയും വിരാടിനെയും ഞാന്‍ തിരഞ്ഞെടുക്കും. അവര്‍ ഇന്ത്യയുടെ മുന്‍നിര കളിക്കാരാണ്. ടി20യില്‍ കുറച്ചു പരിചയം വേണം. നിങ്ങള്‍ക്ക് യുവത്വത്തെ പൂര്‍ണ്ണമായും ആശ്രയിക്കാന്‍ കഴിയില്ല- വസീം അക്രം പറഞ്ഞു.

ഇതുവരെ 148 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് ശര്‍മ്മ നാല് സെഞ്ചുറികളും 29 അര്‍ദ്ധ സെഞ്ചുറികളും സഹിതം 3853 റണ്‍സ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ഏകദേശം 140 ആണ്. അതേസമയം, വിരാട് കോഹ്ലി 114 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയുടെയും 37 അര്‍ദ്ധ സെഞ്ച്വറിയുടെയും അകമ്പടിയില്‍ 4008 റണ്‍സും നേടിയിട്ടുണ്ട്.

റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ രൂപത്തില്‍ യുവ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നിരുന്നാലും, യുവ ബാറ്റ്സ്മാന്‍ കളിക്കുന്നതില്‍ വിജയിച്ചില്ലെങ്കില്‍ ബിസിസിഐ വീണ്ടും രോഹിത് ശര്‍മ്മയെ സമീപിച്ചേക്കാം.