ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ കോഹ്‌ലിയെ കളിപ്പിക്കരുത്, പകരം അവനെ ഇറക്കണം; ഉപദേശവുമായി വസീം അക്രം

ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മത്സരത്തിൽ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനമാണ് ലങ്കയെ തകർത്തത്. ഒരോവറിൽ നാല് വിക്കറ്റ് ഉൾപ്പെടെ 7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഈ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിലെ താരമായത് സിറാജായിരുന്നു. സിറാജിനെ കൂടാതെ 3 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ഹാർദിക്കും തിളങ്ങിയതോടെ ഇന്ത്യൻ ജയം വളരെ എളുപ്പമായി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പിറന്ന ജയവും ഇന്നലെ ഉണ്ടായി. വെറും 51 റൺസ് പിന്തുടർന്ന ഇന്ത്യക്കായി ഓപ്പണറുമാറായ ഇഷാനും ഗില്ലും ചേർന്ന് വിക്കറ്റ് നഷ്ടം ഉണ്ടാകാതെ തന്നെ ഇന്ത്യയെ വിജയതീരത്തിൽ അടുപ്പിക്കുക ആയിരുന്നു.

ഓസ്‌ട്രേലിയക്ക് എതിരെ 3 മത്സരങ്ങളുടെ ഏകദിന പരമ്പര, ശേഷം വരുന്ന ലോകകപ്പ് എന്നിവക്ക് മുമ്പ് ഇന്ത്യക്ക് വലിയ ഊർജം നൽകുന്ന വിജയമാണ് ഈ വർഷത്തെ ഏഷ്യാ കപ്പ്. ബംഗ്ലാദേശിനെതിരായ മത്സരം പരാജയപെട്ടത് ഒഴിച്ചാൽ എല്ലാ മത്സരങ്ങളിലും ഇന്ത്യ പൂർണ ആധിപത്യത്തിലാണ് എല്ലാ മത്സരവും ജയിച്ച് കയറിയത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇന്നലത്തെ വിജയത്തിന് ശേഷം വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി, വിരാട് കോഹ്‌ലിയുടെയും ജസ്പ്രീത് ബുംറയുടെയും ജോലിഭാരം നിയന്ത്രിക്കാൻ പാകിസ്ഥാൻ ഇതിഹാസം വസീം അക്രം ഇന്ത്യൻ മാനേജ്‌മെന്റിനെ ഉപദേശിച്ചു.

“മൂന്ന് കളികളിൽ ബുംറ രണ്ടെണ്ണമെങ്കിലും കളിക്കണം. പരിക്കിൽ നിന്ന് മുക്തനാവുകയാണ് അവൻ, ലോകകപ്പിന് മുന്നോടിയായി കൂടുതൽ മത്സരങ്ങൾ കളിക്കുന്നത് അദ്ദേഹത്തിന്റെ പേശികളെ കൂടുതൽ ശക്തമാക്കും. അതേസമയം സൂര്യകുമാർ യാദവ് അഞ്ച് മത്സരങ്ങളും കളിക്കണം. ഒരു നീണ്ട ലോകകപ്പായതിനാൽ വിരാട് വിശ്രമിക്കണം, അവൻ ക്ഷീണിതനാകാൻ ആരും ആഗ്രഹിക്കുന്നില്ല.”അക്രം പറഞ്ഞു.

കൂടാതെ, ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര അനാവശ്യമാണെന്നും അത് കളിക്കാരെ ക്ഷീണിപ്പിക്കുമെന്നും അക്രം വിശേഷിപ്പിച്ചു. മുൻ പാകിസ്ഥാൻ സീമർ രോഹിത് ശർമ്മയെ പ്രശംസിക്കുകയും ഐസിസി ലോകകപ്പിലേക്ക് ഇന്ത്യയെ നയിക്കാൻ പറ്റിയ ആളാണ് ഹിറ്റ്മാൻ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.