കലിപ്പ് തീരണില്ലല്ലോ, കൂൾ മോഡിൽ നിന്ന് മാറി ദേഷ്യപ്പെട്ട് ധോണി; ഇത്തവണ പണി കിട്ടിയത് ക്യാമറാമാന് ; വീഡിയോ വൈറൽ

ഐപിഎൽ 2024-ൽ ഇതുവരെയുള്ള മത്സരങ്ങൾ നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. എം എസ് ധോണി ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു താരത്തിനും ഇതുവരെ ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്നത് യാഥാർഥ്യമാണ്. ചെന്നൈ മത്സരം വന്നാൽ എംഎസ് ധോണിയെ കാണാൻ ആരാധകർ ആഗ്രഹിക്കുന്നു. ഒരു കൂറ്റൻ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിക്കുന്ന നിമിഷം, അല്ലെങ്കിൽ പരിശീലന സെഷനുകൾക്കും ഫീൽഡിംഗിനും അല്ലെങ്കിൽ ബാറ്റിംഗിനും വേണ്ടി ഇറങ്ങുന്ന നിമിഷം , അപ്പോഴെല്ലാം കാതുതകർക്കുന് കരഘോഷത്തോടെ അവർ അയാളെ ആഘോഷമാക്കും. ലഖ്‌നൗവിൽ നടന്ന ലക്നൗ ചെന്നൈ മത്സരത്തിൽ ബാറ്റ് ചെയ്യാൻ ഡ്രസ്സിംഗ് റൂമിൽ നിന്ന് മുൻ സിഎസ്‌കെ ക്യാപ്റ്റൻ ഇറങ്ങിയപ്പോൾ ക്വിൻ്റൺ ഡി കോക്കിൻ്റെ ഭാര്യക്ക് താൽകാലിക കേൾവിക്കുറവ് വരെ ഉണ്ടായേക്കുമെന്ന് പേടി അവർ പങ്കുവെച്ചിരുന്നു.

ക്യാമറാമാൻ ആകട്ടെ കാണികളേക്കാൾ വലിയ ആവേശത്തിലാണ് ധോണിയുടെ ഓരോ ചലനങ്ങളും പകർത്തുന്നത്. ധോണി ഭക്ഷണം കഴിക്കുന്നതും, മത്സരം വീക്ഷിക്കുന്നതും, മത്സരത്തിന് തയ്യാറെടുക്കുന്നതും, ടീമംഗവുമായി സംസാരിക്കുന്നതുംഎല്ലാം അവർ ആരാധകരെ കാണിക്കുന്നു. ആ സമയം വരുന്ന ബഹളം ആയാലും ആഘോഷമാക്കുന്നു എന്ന് സാരം.

എന്നിരുന്നാലും, ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിൽ സിഎസ്‌കെ ക്യാപ്റ്റൻ ഗെയ്‌ക്‌വാദും ശിവം ദുബെയും നടത്തിയ തകർപ്പൻ ബാറ്റിംഗ് വെടിക്കെട്ടിനിടെ അത് കാണിക്കാതെ ഇടയ്ക്കിടെ ധോണിയെ അദ്ദേഹം കാണിച്ചു. എന്നെ എന്തിനാണ് ഈ സമയം കാണിക്കുന്നത് എന്നുള്ള കലിപ്പൻ ഭാവത്തിൽ ധോണി കുപ്പിവെള്ളം വെച്ച് ക്യാമറമാനെ എറിയുമെന്ന് ഭീക്ഷണിപ്പെടുത്തി. അതോടെ അദ്ദേഹം ധോണിയിൽ നിന്ന് ഫോക്കസ് മാറ്റി മത്സരത്തിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.

60 പന്തിൽ പുറത്താകാതെ 108 റൺസ് നേടിയ ഋതുരാജ് തന്നെ ആയിരുന്നു ചെന്നൈ ബാറ്റിങ്ങിന്റെ നട്ടെല്ല് ആയത്. ദുബെ 27 പന്തിൽ 66 റൺസും നേടി ചെന്നൈ സ്കോർ 200 കടത്താൻ സഹായിച്ചു. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ സിഎസ്‌കെ ക്യാപ്റ്റനായി ഗെയ്‌ക്‌വാദ് ഇന്നലത്തെ പ്രകടനത്തോടെ മാറി. ഇരുവരും ചേർന്ന് 104 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ആതിഥേയരെ നാലിന് 210 എന്ന നിലയിൽ എത്തിച്ചു.

2010ൽ എംഎസ് ധോണിയും എസ് ബദരീനാഥും തമ്മിൽ 109* റൺസിനും 2014ൽ ധോണിയും മൈക്ക് ഹസിയും തമ്മിലുള്ള 108* നും ശേഷം ചെന്നൈയിലെ നാലാമത്തെ ഏറ്റവും ഉയർന്ന നാലാമത്തെ വിക്കറ്റ് കൂട്ടുകെട്ടാണിത്. രണ്ട് പന്തുകൾ മാത്രം ബാക്കി നിൽക്കെ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണി നേരിട്ട ഒരേയൊരു പന്തിൽ ബൗണ്ടറി നേടി. അതേസമയം, സ്റ്റോയിനിസിൻ്റെ 124 റൺസ് മികവിൽ എൽഎസ്ജി 6 വിക്കറ്റിന് ചെന്നൈയെ തകർത്തെറിഞ്ഞു.