പ്രതാപം നഷ്ടപെട്ട ടീമിന് അത്താണിയാവാൻ , കനത്ത മാനസിക സമ്മർദ്ദം അനുഭവിച്ചവൻ

ജോസ് ജോർജ്

സൗത്ത് ആഫ്രിക്കയിലെ പ്രശസ്തമായ കിംഗ് എഡ്‌വേഡ്‌ സ്കൂൾ,ചെറുപ്പ കാലം മുതൽ ക്രിക്കറ്റ് സ്വപ്നവുമായി വരുന്ന കുട്ടികളുടെ പറുദീസ. . സ്കൂൾ ടൂർണമെന്റുകളിൽ എതിരാളികൾക്ക് വലിയ ഭീക്ഷണിയായി മാറുന്ന എഡ്‌വേഡ്‌ ടീമിൽ നിന്ന് ഉദിച്ചുയർന്ന നക്ഷത്രങ്ങളാണ് നീൽ മക്കെൻസിയും ഗ്രയിം സ്മിത്തും ഒക്കെ.ഇവരുടെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് സ്കൂളിൽ എത്തുന്ന കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും .രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ ഗൗട്ടെങിൽ നിന്നുള്ള ഒരു പയ്യൻ,ഓമനത്തമുള്ള മുഖമുള്ള അവനെ അധ്യാപകർക്ക് ഇഷ്ടമായിരുന്നു .എന്നാൽ കളിക്കളത്തിൽ അവൻ ഒരു പുലിക്കുട്ടി ആയിരുന്നു,തന്നെക്കാൾ ഉയരം കൂടിയ ഫാസ്റ്റ് ബൗളറുമാരെ ഒരു ഭയവും ഇല്ലാതെ നേരിട്ട അവൻ ക്ലാസിക് ഷോട്ടുകൾ കളിക്കുന്നതും വേണ്ടി വന്നാൽ കൂറ്റൻ സിക്‌സറുകൾ പരത്തുന്നതും ഇഷ്ടപ്പെട്ടു.എ ബി ഡിവില്ലേഴ്‌സ് ഒഴിച്ചിട്ട വിക്കറ്റ് കീപ്പിങ് സിംഹാസനം ഏറ്റെടുത്ത് കൊണ്ട് പ്രതാപം നഷ്ടപെട്ട സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിരയെ തോളിലേറ്റി നയിക്കാനും താരത്തിനായി -അതെ സാക്ഷാൽ ക്വിന്റൺ ഡി കോക്ക്

ഒരു സെലക്ഷൻ ട്രയൽസിലെ താരത്തിന്റെ പ്രകടനം കണ്ട ഇതിഹാസ താരം മാർക്ക് ബൗച്ചർ ഇങ്ങനെ പറഞ്ഞു” ഇവൻ സൗത്ത് ആഫ്രിക്കയുടെ ഭാവി വാഗ്ദാനം തന്നെയാണ് ” ബൗച്ചറിന്റെ വാക്കുകൾ ഊട്ടിഉറപ്പിക്കുന്ന രീതിയിൽ ഉള്ള പ്രകടനങ്ങൾ ആണ് താരം പിന്നീട് നടത്തിയത് .ഇതിൽ തന്നെ . 2012 അണ്ടർ 19 ടീമിന് വേണ്ടിയുള്ള മികച്ച പ്രകടനത്തോടെയാണ് താരത്തെ ലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്.ടൂർണമെന്റിൽ ആകെ 284 റൺസ് നേടിയ താരം വിക്കറ്റ് കീപ്പിങ്ങിലും മികച്ച് നിന്നു .ട്വന്റി ട്വന്റി ടീമായ ഹൈവെൽഡ് ലയൺസിന് വേണ്ടി 2009 മുതൽ 2015 വരെയുള്ള നാളുകളിൽ കളിച്ചിരുന്ന താരം ടീമിലെ സീനിയർ താരങ്ങളേക്കാൽ ഉത്തരവാദിത്ത്വത്തിൽ ബാറ്റ് വീശുകയും ടീമിന്റെ ചരിത്ര വിജയങ്ങൾക്ക് കാരണം ആകുകയും ചെയ്തു.2013 ൽ പാക്കിസ്ഥാന് എതിരെ യു.എ.ഇയിൽ നടന്ന മത്സരത്തിലെ താരത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു ; ബാറ്റിംഗ് വിഷമകരമായ ട്രാക്കിൽ താരം പൊരുതി നേടിയ സെഞ്ചുറിയെ പ്രശംസിച്ച് മക്കെൻസി ഇങ്ങനെ പറഞ്ഞു ” അവൻ ശാന്തനായി ഇരിക്കുന്നു എന്നെ ഉള്ളൂ എന്ത് ചെയ്യണമെന്ന് അവന് നന്നായി അറിയാം”

2017 ആയിരുന്നു താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷം .വിക്കറ്റ് കീപ്പർ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും ഉള്ള മികച്ച പ്രകടനങ്ങൾ താരത്തെ ഐസിസിയുടെ ടീമിലും സ്ഥാനം ഉറപ്പിക്കാനും സഹായിച്ചു.2020 ൽ ഇംഗ്ലണ്ടിലെ ലോകകപ്പ് തോൽവിക്കു ശേഷമാണ് ഫാഫ് ഡുപ്ലെസിസിന്‍റെ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതോടെ താരത്തിനുമേൽ കൂടുതൽ ഉത്തരവാദിത്തം വന്നു.അതിനിടയിലാണ് പാകിസ്ഥാൻ പര്യടനത്തിനായി ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. പരമ്പര തോറ്റതോടെ ടെസ്റ്റ് ക്യാപ്റ്റന്‍റെ താൽക്കാലിത ചുമതല ഏറ്റെടുത്ത ഡി കോക്കിന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നിരുന്നു.

അതിനിടയിൽ എത്തിയ കോവിഡ് മാനദണ്ഡ പ്രകാരമുള്ള ബയോ ബബിളിൽ കഴിയേണ്ടി വരുന്നത് തന്നെ ഏറെ ബാധിക്കുന്നതായും ടെസ്റ്റിൽ ക്യാപ്റ്റനാകാൻ താൽപര്യമില്ലായിരുന്നുവെന്നും താൽക്കാലികമായി മാത്രം സ്ഥാനം ഏറ്റെടുത്തതാണെന്നും ഡി കോക്ക് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കനത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ഡി കോക്ക് വിദഗ്ദ്ധ ചികിത്സ തേടിയത്. ഡി കോക്ക് ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിക്കുന്നതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതേ തുടർന്നാണ് കുറച്ചു കാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കാൻ താരം തീരുമാനിച്ചു.എന്നാൽ അതിനെയെല്ലാം തരണം ചെയ്തു തിരിച്ചെത്തിയ താരം വീണ്ടും കളിക്കളത്തിൽ സജീവമായി..