ആ രണ്ടില്‍ ഒരു ടീമിനൊപ്പം കളിച്ച് കപ്പടിക്കണം; ഐ.പി.എല്ലിലേക്ക് മടങ്ങി എത്തുന്നതിനെ കുറിച്ച് ഗെയ്ല്‍

അടുത്ത സീസണില്‍ ഐപിഎല്ലിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നെന്ന് വെളിപ്പെടുത്തി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. 2009 ലെ ഐപിഎല്‍ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ താരം ഈ സീസണില്‍ നിന്ന് ചില കാരങ്ങളാല്‍ പിന്മാറിയിരുന്നു. ഇതിന്‍രെ കാരണവും താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

‘അടുത്ത വര്‍ഷം ഞാന്‍ ഐപിഎല്ലിലേക്കു തിരിച്ചുവരികയാണ്. അവര്‍ക്കു എന്നെ ആവശ്യമുണ്ട്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ് എന്നീ മൂന്നു ടീമുകള്‍ക്കു വേണ്ടി ഞാന്‍ കളിച്ചുകഴിഞ്ഞു. ബാംഗ്ലൂര്‍, പഞ്ചാബ് ഇവയില്‍ ഏതെങ്കിലുമൊരു ടീമിനൊപ്പം കിരീടം നേടണമെന്നാണ് എന്റെ ആഗ്രഹം.’

‘ആര്‍സിബിക്കൊപ്പം വളരെ മികച്ച കരിയറായിരുന്നു എന്റേത്. ഐപിഎല്ലില്‍ ഞാന്‍ ഏറ്റവുമധികം നേട്ടം കൊയ്തതും അവര്‍ക്കൊപ്പമാണ്. പഞ്ചാബിലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു. എനിക്കു വെല്ലുവിളികള്‍ ഇഷ്ടമാണ്, അടുത്ത വര്‍ഷം എന്തു സംഭവിക്കുമെന്ന് നോക്കാം’ ഗെയ്ല്‍ പറഞ്ഞു.

ഐപിഎല്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്നും അതിനാലാണ് മെഗാ ലേലത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ഗെയ്ല്‍ വെളിപ്പെടുത്തിയിരുന്നു. ‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ അര്‍ഹിച്ച പരിഗണനയും ബഹുമാനവും ലഭിക്കുന്നില്ലെന്ന് തോന്നി.’

Read more

‘ഐപിഎല്ലില്‍ ഇത്ര അധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ സാരമില്ലെന്നാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ മെഗാ ലേലത്തെക്കുറിച്ച് അധികം ചിന്തിക്കാന്‍ പോയില്ല. ക്രിക്കറ്റിന് ശേഷവും ജീവിതം ഉണ്ടെന്ന് മനസിലാക്കുന്നു. അതിനോട് സ്വാഭാവികമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്’ ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.