ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
എന്നാൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് ജസ്പ്രീത് ബുംറയുടെ തിരിച്ച് വരവിനാണ്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ നിന്ന് പരിക്കേറ്റതോടെ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ് ബിസിസിഐ. അതിനാൽ തന്നെ ചാമ്പ്യൻസ് ട്രോഫിയുടെ സ്‌ക്വാഡിൽ ഇടം പിടിച്ചെങ്കിലും കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നാളെ ചാമ്പ്യൻസ് ട്രോഫിക്കായി ജസ്പ്രീത് ബുംറ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ അറിയാൻ സാധിക്കും. ബംഗളൂരുവിലെ ബിസിസിഐയുടെ സെൻ്റർ ഓഫ് എക്‌സലൻസിൽ വെച്ച് ബുംറയുടെ പുറത്തിന്റെ സ്കാനിംഗ് നടക്കും. തുടർന്ന് താരത്തിന് കളിക്കാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ബിസിസിഐ വൃത്തങ്ങളോട് മെഡിക്കൽ സംഘം വിശകലനം ചെയ്യും.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലും ബുംറ ടീമിൽ ഇടം പിടിച്ചെങ്കിലും കളിക്കാൻ സാധിക്കില്ല എന്ന് അറിയിച്ചിരുന്നു. തുടർന്നാണ് ഹർഷിത് റാണയ്ക്ക് അവസരം ലഭിച്ചത്. നാളത്തെ ദിവസം ബുംറയുടെ കാര്യത്തിൽ സന്തോഷകരമായ വാർത്ത സമ്മാനിക്കുന്നതാകട്ടെ എന്ന പ്രാർത്ഥനയിലാണ് ഇന്ത്യൻ ആരാധകർ.