ധോണിയ്ക്കും കോഹ്‌ലിക്കും അതുണ്ട്, എന്നാല്‍ രോഹിത്തിനില്ല; പോരായ്മ ചൂണ്ടിക്കാട്ടി അഗാര്‍ക്കര്‍

ഇന്ത്യയുടെ പുതിയ നായകന്‍ രോഹിത് ശര്‍മ്മ കളത്തില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന് പറഞ്ഞ് മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. കായികക്ഷമതയോടെ അടുത്ത 24 മാസത്തിനിടെ പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പുള്ള എല്ലാ മത്സരങ്ങളിലും കളിക്കുക എന്നതാകും രോഹിത്തിന് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.

‘വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കി പകരം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മയെ നായകനാക്കിയത് ഉചിതമായ തീരുമാനം തന്നെയാണ്. ഇതുതന്നെയാണ് ചെയ്യേണ്ടിയിരുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ തന്നെ ടീമിനെ നയിക്കുന്നതാണ് നല്ലത്.’

Ajit Agarkar – PressWire18

‘ഈ വര്‍ഷം ഓസ്ട്രേലിയയില്‍ ഐസിയുടെ ടി20 ലോക കപ്പും അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോക കപ്പും നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ മല്‍സരങ്ങളിലു ക്യാപ്റ്റന്‍ രോഹിത് ടീമിനൊപ്പം വേണം. എന്റെ അഭിപ്രായത്തില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നത് ഫിറ്റായി നില്‍ക്കുകയെന്നതായിരിക്കും.’

‘ഇക്കാലയളവില്‍ ഫിറ്റ്നസ് കാത്തുസൂക്ഷിച്ച് കഴിയാവുന്നിടത്തോളം അദ്ദേഹം കളിക്കണം. കാരണം ടീമിനു ക്യാപ്റ്റനെ ആവശ്യമാണ്. ഇതായിരുന്നു കോഹ്‌ലിയുടെയും മുന്‍ നായകന്‍ എംഎസ് ധോണിയുടെയുമെല്ലാം കരുത്ത്. അപൂര്‍വ്വമായി മാത്രമേ അവര്‍ മല്‍സരം മിസ്സ് ചെയ്തിരുന്നുള്ളൂ. രണ്ടു പേരും മികച്ച ഫിറ്റ്നസുള്ളവരായിരുന്നു’ അഗാര്‍ക്കര്‍ പറഞ്ഞു.