'ഹാര്‍ദിക് കഴിവ് തെളിയിച്ച ക്യാപ്റ്റന്‍, വസ്തുതയെ വികാരം കൊണ്ടു മറയ്ക്കരുത്'; മുംബൈയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം

ഐപിഎല്‍ 17ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ തല്‍സ്ഥാനത്തേക്ക് എത്തിച്ചേക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം മുംബൈയെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അണ്‍ഫോളോ ചെയ്ത് പ്രതിഷേധിക്കുകയാണ്. ഇതിനിടയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നായക നിയമനത്തെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

രോഹിത് ശര്‍മയെക്കുറിച്ച് ആരും വൈകാരികമായോ, വികാരപരമായോ ചിന്തിക്കരുത്. മുംബൈ ഇന്ത്യന്‍സ് നടത്തിയത് നല്ല നീക്കമാണെന്നു ഞാന്‍ കരുതുന്നു. ഹാര്‍ദിക് പാണ്ഡ്യ കഴിവ് തെളിയിച്ച ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ നിരവധി വിജയങ്ങളും നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം നിങ്ങളുടെ ഫോമിലുള്ള ടി20 ക്യാപ്റ്റനും താരവുമാണ്.

മുംബൈ ഇന്ത്യന്‍സുമായുള്ള രോഹിത് ശര്‍മയുടെ ദീര്‍ഘകാലത്തെ ബന്ധവും അഞ്ചു ട്രോഫികള്‍ അവര്‍ക്കു നേടിക്കൊടുത്ത അദ്ദേഹത്തിന്റെ നേതൃശേഷിയുമെല്ലാം പ്രശംസനീയമാണ്. എന്നിരുന്നാലും ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനം ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത് ആവശ്യമാണ്.

ട്രാന്‍സ്ഫര്‍ എങ്ങനെ സംഭവിച്ചുവെന്നതിന്റെയും മുംബൈ ഇന്ത്യന്‍സ് ഇത്രയുമധികം പിന്തുണയ്ക്കുന്നതിന്റെയും സമ്മര്‍ദ്ദം ഹാര്‍ദിക് പാണ്ഡ്യക്കു അനുഭവപ്പെടില്ലന്നു കരുതുന്നു- മഞ്ജരേക്കര്‍ പറഞ്ഞു.