കിംഗ് എന്ന് വെറുതെ വിളിക്കുന്നതാണോ..!, തലമുറയിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളെയാണ് വിരാട് നിഷ്പ്രഭനാക്കിയത്

ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറിലെ ഒരു പന്ത് വിരാട് കോഹ്ലിയുടെ നെഞ്ചിന്റെ അടുത്തുകൂടി മൂളിപ്പറന്ന് വിക്കറ്റ് കീപ്പറുടെ കരങ്ങളില്‍ എത്തിയിരുന്നു. മണിക്കൂറില്‍ 142 കീലോമീറ്റര്‍ വേഗതയിലാണ് ആ ഡെലിവെറി സഞ്ചരിച്ചത്. ആര്‍ച്ചര്‍ വരവറിയിക്കുകയായിരുന്നു! മുംബൈ ജഴ്‌സിയിലെ ആദ്യ മത്സരം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലായിരുന്നു അയാള്‍!

അതിനുപിന്നാലെ കമന്ററി ബോക്‌സില്‍ ഇയാന്‍ ബിഷപ്പ് ഫാസ്റ്റ് ബോളിങ്ങ് എന്ന കലയെക്കുറിച്ച് വാചാലനായി. എതിരാളിയെ കബളിപ്പിച്ചുകൊണ്ട് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ആര്‍ച്ചര്‍ക്ക് പ്രത്യേക കഴിവുണ്ടെന്ന് ബിഷപ്പ് വാഴ്ത്തി.
അതേ ഓവറില്‍ ആര്‍ച്ചര്‍ ഒരു സ്ലോബോളെറിഞ്ഞു. ആ കൗശലത്തെക്കുറിച്ചാണ് ബിഷപ്പ് സംസാരിച്ചതും. പക്ഷേ സ്റ്റെപ്പൗട്ട് ചെയ്ത് ഷോട്ട് പായിക്കുന്ന വിരാടിനെയാണ് അടുത്ത നിമിഷത്തില്‍ കണ്ടത്! പന്ത് ഗാലറിയില്‍ പതിച്ചു!

Image

എതിരാളി മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ മാനത്ത് കാണാന്‍ ശേഷിയുള്ള ആളാണ് വിരാട്. ആ അത്ഭുതസിദ്ധി കുറച്ചുകാലം നാം മിസ് ചെയ്തിരുന്നു. ഇപ്പോള്‍ വിരാട് പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നു!

ടി-20 ക്രിക്കറ്റില്‍ വിരാട് ആര്‍ച്ചര്‍ക്കെതിരെ നൂറിനടുത്ത് റണ്ണുകള്‍ നേടിയിട്ടുണ്ട്. ഒരു തവണ പോലും പുറത്തായിട്ടുമില്ല! ഈ തലമുറയിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളെയാണ് വിരാട് ഇപ്രകാരം നിഷ്പ്രഭനാക്കുന്നത്. കിംഗ് എന്ന് വെറുതെ വിളിക്കുന്നതാണോ!?

ജയിക്കാന്‍ ആറ് റണ്ണുകള്‍ വേണ്ട സമയത്ത് സിക്‌സര്‍ അടിച്ച് ഫിനിഷ് ചെയ്യുന്നു. അതിനുപിന്നാലെ സ്വതസിദ്ധമായ ആക്രോശവും. ഇതാണ് വിന്റേജ് വിരാട്..! ഈ സീസണില്‍ വിരാട് നമുക്കൊരു വിരുന്ന് തന്നെ ഒരുക്കിയിട്ടുണ്ടെന്ന് തോന്നുന്നു..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍