ടെസ്റ്റില്‍ ബുംറ തന്നെ നായകന്‍, സര്‍പ്രൈസ് വൈസ് ക്യാപ്റ്റന്‍!

ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും. വ്യാഴാഴ്ച ബിസിസിഐ തന്നെയാണ് ഓദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍.

കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. 1987ല്‍ ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ബുംറ.

1932-ല്‍ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി. അതേസമയം, ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ടെസ്റ്റിനുള്ള  പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്സിനു കീഴില്‍ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തുന്നത്.

ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലെയിംഗ് ഇലവനില്‍ മടങ്ങിയെത്തി. താരം തിരികെ വന്നതോടെ ജാമി ഒവേര്‍ട്ടനാണ് സ്ഥാനം നഷ്ടമായി. കോവിഡില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന് പകരം സാം ബില്ലിംഗ്സാണ് വിക്കറ്റ് കാക്കുന്നത്.

ആന്‍ഡേഴ്സണ്‍ വന്നതൊഴിച്ചാല്‍ കിവീസിനെതിരായ അവസാന ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജാക്ക് ലീച്ചും മാത്യു പോട്സുമാണ് സ്പിന്നര്‍മാര്‍.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവന്‍: സാക്ക് ക്രോളി, അലെക്സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാം ബില്ലിംഗ്സ് (വിക്കറ്റ് കീപ്പര്‍), മാത്യു പോട്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്സണ്‍.