ഇവരെ സൂക്ഷിക്കുക, ഇവരുടെ ഓവറുകള്‍ എതിരാളികള്‍ക്ക് ബാലികേറാമലയായിരിക്കും

തുടര്‍ച്ചയായ മോശം സീസണുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനാണ് രാജസ്ഥാന്‍ ഈ വര്‍ഷം ശ്രമിക്കുന്നത്. അതിന്റെ ആദ്യ പടിയായ ലേലം വിളിയില്‍ മികച്ച ഒരു ടീമിനെ പടുത്തുയര്‍ത്താന്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടുണ്ട്. ലേലത്തിനായി മികച്ച ഹോംവര്‍ക്ക് നടത്തിയ രാജസ്ഥാന് ഏറ്റവും മികച്ച സ്‌ക്വാഡുകളില്‍ ഒന്നിനെയാണ് ലഭിച്ചിരിക്കുന്നത്.

ഏതൊരു ടീമും ആഗ്രഹിച്ച രണ്ട് സൂപ്പര്‍ താരങ്ങളെ 12 കോടിയില്‍ താഴെയുള്ള തുകക്ക് സ്വന്തമാക്കാന്‍ സാധിച്ചത് ടീമിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനും വിക്കറ്റ് എടുക്കാനും മിടുക്കുള്ള ലോകോത്തര താരങ്ങളായ അശ്വിന്‍-ചഹല്‍ സഖ്യത്തിന്റെ സാന്നിധ്യം ഈ വര്‍ഷത്തെ യാത്രയില്‍ രാജസ്ഥാന് ഗുണം ചെയ്യുമെന്ന് ക്രിക്കറ്റ് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

അശ്വിന്റെ ഓഫ് സ്പിനും ചാഹലിന്റെ ലെഗ് സ്പിന്നും എതിരാളികളെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് ആദ്യ മത്സരത്തില്‍ കണ്ടത്. ഇരുതാരങ്ങളുടെയും 8 ഓവര്‍ കടമ്പ ടീമുകള്‍ക്ക് ബാലികേറാമലയാകാന്‍ സാധ്യത കൂടുതലാണ്. എന്തായാലും ഇരുതാരങ്ങളും മികവ് തുടര്‍ന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ ടീമിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.