താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റര്‍, എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ പരാജയം; മനസ്സ് തുറന്ന് അക്തര്‍

താന്‍ കണ്ടതില്‍ വെച്ച് ലോകത്തിലെ മികച്ച ബാറ്റ്സ്മാന്‍ ആരെന്ന് പറഞ്ഞ് പാക് ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഏറ്റവും മികച്ച ബാറ്ററായി അക്തര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ നായകനെന്ന നിലയില്‍ സച്ചിന്‍ പ്രതീക്ഷ കാത്തില്ലെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ഞാന്‍ കരുതുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. സ്വയം നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയാണ് സച്ചിന്‍ ചെയ്തത്. വിരാട് കോഹ്‌ലിയും അങ്ങനെ തന്നെയാണ്.

നായകനായ ശേഷം ബാറ്റിംഗില്‍ സച്ചിന്‍ അല്‍പ്പം പിന്നോട്ട് പോയെങ്കിലും മാനസിക ധൈര്യം വീണ്ടെടുത്ത് ശക്തമായി തിരിച്ചെത്തി. മനസ് ശാന്തമാക്കിയതോടെ ലോകകപ്പുകളിലടക്കം കസറി- അക്തര്‍ പറഞ്ഞു.

സച്ചിനോാട് വലിയ ബഹുമാനമുള്ള ബോളറാണ് അക്തര്‍. ഇരുവരും നേര്‍ക്കുനേര്‍ എത്തിയ മത്സരങ്ങളെല്ലാം വലിയ ആവേശം നിറഞ്ഞതായിരുന്നു. അക്തറിനെതിരേ 41.60 ശരാശരിയില്‍ 416 റണ്‍സാണ് സച്ചിന്‍ നേടിയത്. 19 മത്സരത്തില്‍ അഞ്ച് തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയത്. ടെസ്റ്റില്‍ മൂന്ന് തവണയും അക്തര്‍ സച്ചിനെ പുറത്താക്കിയിട്ടുണ്ട്.