കൂളായി എടുക്കുക സുഹൃത്തേ, എത്രയോ പ്രാവശ്യം ഞാൻ..'; കോഹ്‌ലിക്ക് കൈയടികൾ നൽകി ക്രിക്കറ്റ് ലോകം

വിരാട് കോഹ്‌ലിയെ ക്രിക്കറ്റ് മൈതാനത്ത് പ്രകടിപ്പിക്കുന്ന അസാമാന്യ ആക്രമണോത്സുകത, ആഘോഷങ്ങൾ, തീപ്പൊരി ബാറ്റിംഗ് തുടങ്ങിയവയുടെ പര്യായമായിട്ടാണ് കാണുന്നത്. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും കോഹ്‌ലിയുടെ മറ്റൊരു വശത്തെക്കുറിച്ച് ആരും സംസാരിക്കാറില്ല. വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ 2022 മത്സരം കോഹ്‌ലിയുടെ വ്യത്യസ്ത മുഖം തന്നെയാണ് നമുക്ക് കാണിച്ച് തന്നത്.

ഇന്നലെ നടന്ന ഗുജറാത്ത്- ബാംഗ്ലൂർ മത്സരത്തിന്റെ ആറാം ഓവറിലാണ് നാടകീയ സംഭവം നടന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തില്‍ മാത്യു വെയ്ഡ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മാക്‌സ്വെല്ലിന്റെ ഔട്ട്‌സൈഡ് ഓഫ് സ്റ്റംപ് പന്തില്‍ വേഡ് സ്വീപ് ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ട് ചെയ്യാനാവാതെ പന്ത് വെയ്ഡിന്റെ പാഡില്‍ തട്ടി. ആര്‍സിബിയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചതോടെ മാത്യു വെയ്ഡ് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ ഉരസിയതായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊള്ളുന്നതായാണ് തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ വ്യക്തമായത്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയറും ശരിവെച്ചു. ഇത് വെയ്ഡിനെ തീര്‍ത്തും നിരാശനാക്കിയിരുന്നു. അമ്പയറുടെ തീരുമാനം ഒട്ടും അംഗീകരിക്കാനാവാത്ത അവസ്ഥയിലിരുന്ന വെയ്ഡ് മൈതാനം വിട്ടത്. തന്റെ രോഷം മുഴുവൻ തീർത്ത് കലിയടങ്ങാതെ നടന്ന താരത്തെ ആശ്വസിപ്പിക്കുന്ന കോഹ്‌ലിയുടെ ചിത്രം വൈറൽ ആയി.

കോലി താരത്തിന്റെ അടുത്തേക്ക് നടന്ന് അവന്റെ തോളിൽ കൈകൾ വച്ചു. എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. തെറ്റായ തീരുമാനത്തിൽ പുറത്തായ താരത്തിനെ ആശ്വസിപ്പിക്കുന്നതായിട്ടാണെന്ന് ആളുകൾ പറയുന്നു.

ഈ സീസണിൽ അധികം മത്സരങ്ങളിൽ കൊഹ്‌ലിയെ പോലെ തന്നെ തിളങ്ങാൻ വേഡിനും സാധിച്ചില്ല. സമാനമായ രീതിയിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ കോഹ്‌ലിയും പുറത്തായിട്ടുണ്ട്. എന്തായാലും എതിരാളിയുടെ മോശം അവസ്ഥയിൽ കോഹ്ലി കാണിച്ച കരുത്തലിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.