750 കോടി മുതല്‍മുടക്കില്‍ കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം, അപ്രൂവല്‍ നല്‍കി ബിസിസിഐ

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അപ്രൂവല്‍ നല്‍കി. സര്‍ക്കാരിന് മുന്നില്‍ പ്രൊപോസലും ഡിസൈനും സമര്‍പ്പിച്ചുവെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു.

ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കര്‍ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോര്‍ട്സ് സിറ്റിയാണ് നിര്‍മ്മാണത്തിനൊരുങ്ങുന്നത്.

40,000 ഇരിപ്പിടങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇ-സ്‌പോര്‍ട്‌സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവയുള്‍ക്കൊള്ളുന്നതായിരിക്കും കൊച്ചിന്‍ സ്‌പോര്‍ട്‌സ് സിറ്റി.

750 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ നടപടികള്‍ ആയി മുന്നോട്ട് പോകുകയാണെന്ന് കെസിഎ വ്യക്തമാക്കി. അതേസമയം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ എഗ്രിമെന്റ് നീട്ടണമെന്ന് ആവശ്യപ്പെടുമെന്നും കെസിഎ അറിയിച്ചു. 33 വര്‍ഷത്തേക്ക് സ്റ്റേഡിയത്തിന്റെ കരാര്‍ നീട്ടണം എന്നാണ് ആവശ്യം.