ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് ബംഗ്‌ളാദേശ് ; എതിരാളികളുടെ തട്ടകത്തില്‍ ആദ്യ ജയം

ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവില്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് ബംഗ്‌ളാദേശ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 38 റണ്‍സിനാണ് ബംഗ്‌ളാദേശ് വിജയം നേടിയത്.

സെഞ്ചുറിയന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലെ വിജയം ദക്ഷിണാഫ്രിക്കയില്‍ ബംഗ്‌ളാദേശ് നേടുന്ന ആദ്യവിജയമാണ്. 50 ഓവറില്‍ ബംഗ്‌ളാദേശ് അടിച്ചുകൂട്ടിയ 314 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ മറുപടി 48.5 ഓവറില്‍ 276 റണ്‍സില്‍ അവസാനിച്ചു.

ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ അടിച്ചുകൂട്ടിയ 77 റണ്‍സാണ് ബംഗ്‌ളാദേശിന് തുണയായത്. 64 പന്തുകളില്‍ നിന്നുമായിരുന്നു ഷക്കീബിന്റെ ബാറ്റിംഗ് മികവ്. ഏഴു ബൗണ്ടറിയും മൂന്ന് സിക്‌സും താരം പറത്തി. 41 റണ്‍സ് എടുത്ത തമീം ഇക്ബാലും 50 റണ്‍സ് എടുത്ത ലിട്ടന്‍ ദാസും ചേര്‍ന്ന് ബംഗ്‌ളാദേശിന് മികച്ച തുടക്കം നല്‍കി. യാസിര്‍ അലിയും 50 റണ്‍സ് എടുത്തു.

മഹ്‌മദുള്ള 25 റണ്‍സുമായും 17 റണ്‍സുമായി അഫിഫ് ഹൊസൈനും വാലറ്റത്ത നടത്തിയ വെടിക്കെട്ടുകള്‍ ബംഗ്‌ളാദേശിന് തുണയായി മാറുകയായിരുന്നു.

ചേസിംഗില്‍ റാസി വാന്‍ ഡുസ്സന്‍ 86 റണ്‍സും ഡേവിഡ് മില്ലര്‍ 79 റണ്‍സും നേടി മികച്ച പോരാട്ടം നടത്തിയെങ്കിലും ഇവര്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവും അവസാനിച്ചു. നേരത്തേ ഓപ്പണര്‍ കെയ്ല്‍ വരേന്‍ 21 റണ്‍സ് എടുത്തു പുറത്തായിരുന്നു. വണ്‍ഡൗണായി എത്തിയ ടെമ്പാ ബാവുമ 31 റണ്‍സുമായും പുറത്തായി.