ശാസ്ത്രിയുടെ പിന്‍ഗാമിയാകാന്‍ വിസമ്മതിച്ചവരില്‍ ഓസീസ് ഇതിഹാസവും; വൃഥാവിലായ ബി.സി.സി.ഐയുടെ യത്‌നങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. മഹേലയ്ക്കു പുറമെ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിനോടും ഇന്ത്യന്‍ കോച്ചാകാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിരുന്നതായാണ് വിവരം.

ഐപിഎല്‍ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചതാണ് പോണ്ടിംഗിനെ കണ്ണുവയ്ക്കാന്‍ ബിസിസിഐ പ്രേരിപ്പിച്ചത്. എന്നാല്‍ ബിസിസിഐയുടെ ആവശ്യം പോണ്ടിംഗ് തള്ളിക്കളെഞ്ഞെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ പരിശീലകപദം ഏറ്റെടുക്കാന്‍ പോണ്ടിംഗ് വിസമ്മതിച്ചതിന് കാരണം വ്യക്തമല്ല.

ട്വന്റി20 ലോക കപ്പിനുശേഷം രവി ശാസ്ത്രി ടീം ഇന്ത്യയുടെ ഹെഡ് കോച്ച് സ്ഥാനം ഒഴിയുമെന്നത് ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ മഹേലയ്ക്കും പോണ്ടിംഗിനും പുറമെ അനില്‍ കുംബ്ലയും വി.വി.എസ്. ലക്ഷ്മണും വീരേന്ദര്‍ സെവാഗും അടക്കമുള്ളവരുടെ പേരുകള്‍ ശാസ്ത്രിയുടെ പിന്‍ഗാമിയുടെ സ്ഥാനത്ത് ഉയര്‍ന്നുകേട്ടു. എന്നാല്‍ രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കുന്നതിലാണ് ബിസിസിഐക്കു താല്‍പര്യം. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്.