ഡല്‍ഹി ടെസ്റ്റിന് പിന്നാലെ ടിപ്‌സ് ചോദിച്ച് ഓസീസ് സ്പിന്നര്‍; നൈസായി കൈകാര്യം ചെയ്ത് ജഡേജ, സംഭവം ഇങ്ങനെ

2023ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരാധകര്‍ക്ക് ശരിക്കും ഒരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നു. നാഗ്പൂരിലും ഡല്‍ഹിയിലും നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ ആധിപത്യം പുലര്‍ത്തിയ ശേഷം, മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന മത്സരം സമനിലയില്‍ കലാശിച്ചതോടെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഓസീസ് നിരയില്‍ 26 കാരനായ മാത്യു കുഹ്നെമാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റിലാണ് അദ്ദേഹത്തെ ഓസീസ് ടീമിലെത്തിച്ചത്. ഓസ്ട്രേലിയ അതിശയകരമായ വിജയം നേടിയ ഇന്‍ഡോറില്‍ അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു.

ഡല്‍ഹിയിലെ അരങ്ങേറ്റത്തിന് ശേഷം, ഓസ്ട്രേലിയന്‍ സ്പിന്നര്‍ ജഡേജയോട് ചില ബൗളിംഗ് നുറുങ്ങുകള്‍ ചോദിക്കാന്‍ പോയി, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അവസാനിച്ചതിന് ശേഷം തനിക്ക് ടിപ്പുകള്‍ നല്‍കാമെന്ന് ജഡേജ മറുപടി നല്‍കിയത്. പരമ്പര അവസാനിച്ച ശേഷം ജഡേജ കുഹ്നെമാന് നല്‍കിയ വാക്ക് പാലിക്കുകയും ചെയ്തു.

നാലാം ടെസ്റ്റ് അവസാനിച്ചപ്പോള്‍ ജഡേജ തനിക്ക് സഹായകരമായ ചില ടിപ്‌സുകല്‍ നല്‍കിയെന്നും തന്നോട് പറഞ്ഞ വാക്ക് പാലിച്ചെന്നും കുഹ്നെമാന്‍. ‘ഏകദേശം 15 മിനിറ്റോളം ജഡേജയുമായി സംസാരിച്ചു. അദ്ദേഹം എനിക്ക് ചില ആകര്‍ഷണീയമായ ടിപ്‌സുകള്‍ നല്‍കി. ഞങ്ങള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സഹായത്തിനായി എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാന്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു സന്ദേശം പോലും അയച്ചു- കുഹ്നെമാന്‍ പറഞ്ഞു.