ശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമം, അയാളോട് യാതൊരു ബഹുമാനവുമില്ല; രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് ഗെയ്ല്‍

ട്വന്റി20 ലോക കപ്പിനുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച പേസ് ഇതിഹാസം കട്‌ലി അംബ്രോസിനോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍. അംബ്രോസിനോട് യാതൊരു ബഹുമാനവുമില്ലെന്നും ശ്രദ്ധ പിടിച്ചുപറ്റാനുള്ള അയാളുടെ ശ്രമമാണിതെന്നും ഗെയ്ല്‍ തുറന്നടിച്ചു.

വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് അംബ്രോസിനോട് അല്‍പ്പം പോലും ബഹുമാനമില്ല. എപ്പോഴാണോ നേരില്‍ കാണുന്നത് അപ്പോള്‍ അംബ്രോസിനോട് അക്കാര്യം തുറന്നുപറയും. നെഗറ്റീവായ കാര്യങ്ങള്‍ വിളമ്പുന്നത് നിര്‍ത്തി വിന്‍ഡീസ് ടീമിനെ പിന്തുണയ്ക്കൂ. ലോക കപ്പ് ടീമിന് മുന്‍കാല താരങ്ങളുടെ പിന്തുണയും വേണം. മറ്റ് ടീമുകളെ അവരവരുടെ മുന്‍ കളിക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് വിന്‍ഡീസിന്റെ പഴയകാല കളിക്കാര്‍ക്ക് അങ്ങനെ ചെയ്തുകൂടാ ?- ഗെയ്ല്‍ ചോദിച്ചു.

നമ്മുടെ സ്വന്തമായ കട്‌ലി അംബ്രോസിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. വെസ്റ്റിന്‍ഡീസ് ടീമില്‍ എത്തിയ കാലത്ത് അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ എന്റെ ഹൃദയത്തില്‍ തൊട്ടാണ് ഈ വാക്കുകള്‍. വിരമിച്ച ശേഷം ഗെയ്‌ലിനെതിരെ അയാള്‍ തിരിഞ്ഞത് എന്തിനാണെന്ന് അറിയില്ല. എന്തിനാണ് പത്രക്കാരോട് മോശം കാര്യങ്ങള്‍ പുലമ്പുന്നത്. ചിലപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നതിനു വേണ്ടിയാകാമെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.