അതോർത്ത് വീരുവിന് കുറ്റബോധം ഉണ്ടായിരുന്നു, ദ്രാവിഡ് പറഞ്ഞത് കേൾക്കാൻ പോയത് പാരയായി

ലോക ക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലുണ്ടാവും ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും വീരു അപകടകാരി തന്നെ. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുള്ള ചുരുക്കം ചില കളിക്കാരിലൊരാള്‍ കൂടിയാണ് സെവാഗ്. എന്നാല്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറിയുമായി മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം സെവാഗിന് കൈവന്നേനെ. രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ കേട്ടതുകൊണ്ടാണ് തനിക്ക് ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായതെന്ന് സെവാഗ് തന്നോടു പറഞ്ഞതായി ശ്രീലങ്കന്‍ ഓഫ് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ വെളിപ്പെടുത്തുന്നു. 2009ലെ ശ്രീലങ്കയ്‌ക്കെതിരായ മുംബൈ ടെസ്റ്റിലായിരുന്നു സംഭവം.

മുംബൈയില്‍ ഞങ്ങള്‍ക്കെതിരെ 290 എന്ന സ്‌കോറില്‍ ബാറ്റ് ചെയ്യുകയായിരുന്നു സെവാഗ്. ക്രീസില്‍ പിടിച്ചുനില്‍ക്കാനും തൊട്ടടുത്ത ദിവസം 300 തികയ്ക്കാനും ദ്രാവിഡ് പറഞ്ഞെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. പിറ്റേ ദിവസം സിംഗിളെടുക്കാന്‍ ശ്രമിച്ച വീരു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ദ്രാവിഡിന്റെ വാക്കുകള്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലായിരുന്നെന്നും നിങ്ങളെ കടന്നാക്രമിച്ച് ട്രിപ്പിള്‍ സെഞ്ച്വറി തികയ്‌ക്കേണ്ടതായിരുന്നെന്നും സെവാഗ് എന്നോട് പറഞ്ഞു- മുരളീധരന്‍ വെളിപ്പെടുത്തി.

എന്റെ പന്തുകളുടെ ദിശ മനസിലാക്കാന്‍ സെവാഗിന് സാധിച്ചിരുന്നു. മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് വ്യത്യസ്തമായാണ് വീരു എന്നെ കളിച്ചിരുന്നത്. സെവാഗ് വളരെ അപകടകാരിയായിരുന്നു. ഇക്കാര്യം പലവട്ടം പറഞ്ഞിട്ടുള്ളതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

2009ലെ മുംബൈ ടെസ്റ്റില്‍ 293 റണ്‍സിനാണ് മുരളീധരന്റെ പന്തില്‍ സെവാഗ് പുറത്തായത്. മൂന്നാം ദിനം ട്രിപ്പിള്‍ ശതകത്തിലെത്താന്‍ സെവാഗിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ക്ഷമയോടെ കളിക്കാനുള്ള ദ്രാവിഡിന്റെ ഉപദേശം ചെവിക്കൊണ്ട സെവാഗിന് നാലാം നാള്‍ മുരളീധരന്റെ പന്തില്‍ പുറത്താകാനായിരുന്നു വിധി.