അവസാന ഓവർ എറിയാൻ എന്നോടായിരുന്നു ആദ്യം നിതീഷ് പറഞ്ഞത്, എന്നാൽ അദ്ദേഹം തീരുമാനം മാറ്റുക ആയിരുന്നു; വെളിപ്പെടുത്തി താക്കൂർ

വ്യാഴാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) അവസാന ഓവർ ആരു എറിയണമെന്ന ക്യാപ്റ്റൻ നിതീഷ് റാണയുടെ ആശയക്കുഴപ്പത്തെക്കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓൾറൗണ്ടർ ശാർദുൽ താക്കൂർ സംസാരിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു മനോഹരമായി തിരിച്ചുവന്ന് കൊൽക്കത്ത ജയം സ്വന്തമാക്കിയത്. അവസാന 5 ഓവറുകളിലെ മികച്ച ബോളിങ് അവരെ തുണച്ചു.

അവസാന ഓവറിൽ ഒമ്പത് റൺസ് മാത്രം പ്രതിരോധിച്ച നായകൻ റാണ ഒടുവിൽ വരുൺ ചക്രവർത്തിയെ ആ ജോലി ചെയ്യാൻ തീരുമാനിച്ചു. 31 കാരനായ ലെഗ് ബ്രേക്ക് ബൗളർ 16, 18 ഓവറുകൾ മികച്ച രീതിയിൽ എറിഞ്ഞ ശേഷമാണ് അവസാന ഓവറിലും തന്റെ ദൗത്യം പൂർത്തിയാക്കിയത്. തന്റെ മൂന്ന് ഓവറിൽ 2/23 എന്ന കണക്കുകളോടെ താക്കൂറും ബോളിങ്ങിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇത് ക്യാപ്റ്റൻ റാണയെ പ്രതിസന്ധിയിലാക്കി. എന്നിരുന്നാലും, രണ്ട് റൺസും ഒരു ലെഗ് ബൈയും മാത്രം വഴങ്ങിയ വരുൺ നായകന്റെ വിശ്വാസം കാത്തു. അതിനിർണായക ജയം കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

മത്സരശേഷം വരുണുമായി നടത്തിയ സംഭാഷണത്തിൽ ഐപിഎൽ സോഷ്യൽ മീഡിയ ഹാൻഡിലിനോട് സംസാരിക്കവെ താക്കൂർ പറഞ്ഞത് ഇങ്ങനെ .

“അവസാന ഓവർ, അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു, അവസാന ഓവർ എറിയാൻ നിതീഷ് എന്നെ വിളിച്ചു, പെട്ടെന്ന് ‘ഞാൻ വരുണിന് പന്ത് കൊടുക്കട്ടെ എന്ന് ചോദിച്ചു . ഞാൻ ശരിയെന്ന് പറഞ്ഞു. നിങ്ങളുടെ മനസ് എന്താണോ പറയുന്നത് അത് ചെയ്യാനാണ് ഞാൻ പറഞ്ഞത്,. ഈ വർഷത്തെ ടൂർണമെന്റിൽ ഞങ്ങൾ കണ്ട മികച്ച ഓവറുകളിൽ ഒന്നായിരുന്നു അത്, അവസാന ഓവറിൽ ഒമ്പത് റൺസ് ഡിഫൻഡ് ചെയ്യുന്നത് എളുപ്പമല്ല, നിങ്ങളുടെ ഹൃദയം കഠിനമായി പമ്പ് ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.” വരുണിനോട് സംസാരിച്ച താക്കൂർ പറഞ്ഞു.