പാകിസ്ഥാനെതിരെ ഗില്‍ എന്തു ചെയ്യണം?; ഉപദേശവുമായി കൈഫ്

ഏഷ്യാ കപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനുമായുള്ള സൂപ്പര്‍ 4 പോരാട്ടത്തിനു മുമ്പ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനു നിര്‍ണായക ഉപദേശം നല്‍കി മുന്‍ താരം മുഹമ്മദ് കൈഫ്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ കൊമ്പുകോര്‍ത്തപ്പോള്‍ ഗില്‍ ഫ്ളോപ്പായിരുന്നു. 32 ബോള്‍ നേരിട്ട് 10 റണ്‍സ് മാത്രമെടുത്ത ഗില്‍ ഹാരിസ് റൗഫിന്റെ ബോല്‍ ക്ലീന്‍ ബൗള്‍ഡായാണ് ക്രീസ് വിട്ടത്.

നേരത്തേ നടന്ന മല്‍സരത്തില്‍ പാകിസ്ഥാനെതിരേ ഒരു ദൃഢനിശ്ചയവുമില്ലാതെയാണ് ഗില്‍ ബാറ്റ് വീശിയത്. 19-20 ബോളുകള്‍ നേരിട്ട അവന്‍ നേടിയത് ഒരേയൊരു ബൗണ്ടറിയാണ്. അതാവട്ടെ ലെഗ് സൈഡിലൂടെയുമായിരുന്നു. അതുകൊണ്ടു തന്നെ ഗില്‍ അടുത്ത തവണ കൂടുതല്‍ ദൃഡനിശ്ചയം കാണിച്ചേ തീരൂ.

ബോള്‍ വേഗതയില്‍ സ്വിംഗ് ചെയ്യുമ്പോള്‍ വളരെ പെട്ടെന്നു ബാറ്റിംഗ് പൊസിഷനിലേക്കു വരേണ്ടതുണ്ട്. ഇന്‍ഡോറിലെ നെറ്റ് സെഷനുകളില്‍ ഗില്‍ ചെയ്യേണ്ടതും ഇക്കാര്യമാണ്. സെന്റര്‍ വിക്കറ്റിലെ പരിശീലനം പോലെ ഇന്‍ഡോര്‍ നെറ്റ് സെഷന്‍ ഗുണം ചെയ്യില്ല. പക്ഷെ മൂവ് ചെയ്യുന്ന ബോളുകള്‍ക്കെതിരേ മെച്ചപ്പെട്ട ബാറ്റിംഗ് പൊസിഷനുകളിലേക്കു വരാന്‍ അതു ഗില്ലിനെ സഹായിക്കും.

നെറ്റ്സില്‍ സൈഡ് ആം ത്രോ ചെയ്യുന്നവരെ നേരിടുന്നതു ഗില്ലിനു ഗുണം ചെയ്യും. പാകിസ്ഥാനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ അവന്റെ പുറത്താവല്‍ നോക്കുമ്പോള്‍ കൃത്യമായ സമയത്തു ബാറ്റ് താഴേക്കു കൊണ്ടുവരാന്‍ സാധിച്ചില്ലെന്നു നമുക്കു കാണാം. ഇതിന്റെ ഫലമായി ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു- കൈഫ് വിലയിരുത്തി.