ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണെന്ന് ഇപി പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5ന് ആണ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച നടത്തിയത്. കൊച്ചുമകന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സന്ദര്‍ശനം. ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ല. ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സംസാരിച്ചത്. വീട്ടില്‍ വന്നവരോട് ഇറങ്ങി പോകാന്‍ പറയുന്നത് തന്റെ ശീലം അല്ലെന്നും ഇപി പറഞ്ഞു.

ശോഭ സുരേന്ദ്രനെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ഇപി വ്യക്തമാക്കി. കൂട്ട് കെട്ടിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണ്. വിഷയത്തില്‍ മാധ്യമങ്ങളെയും ഇപി കുറ്റപ്പെടുത്തി. ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും ജയരാജന്‍ ചോദിച്ചു.

https://www.youtube.com/watch?v=EFfVVVgFoiQ&t=6s