അശ്വിനെ തുണച്ചത് സൂപ്പര്‍ താരത്തിന്റെ നിലപാട്‌; പ്രധാന എതിരാളിയുടെ ദുര്യോഗവും ഗുണം ചെയ്തു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും കരയ്ക്കിരുന്ന സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനെ തേടിയെത്തിയ സന്തോഷമായിരുന്നു ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സ്ഥാനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലു വര്‍ഷത്തിലേറെയായി ഇന്ത്യയെ പ്രതിനിധീകരിക്കാത്ത അശ്വിന്റെ ലോക കപ്പ് ടീം പ്രവേശം ഏവരെയും അത്ഭുതപ്പെടുത്തി. ട്വന്റി20 ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ ഇടപെടല്‍ അശ്വിന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

2017 ചാംപ്യന്‍സ് ട്രോഫി ഫൈനലിനുശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അശ്വിന് അവസരം ലഭിച്ചിരുന്നില്ല. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യം ബോര്‍ഡ് മീറ്റിംഗില്‍ ഉയര്‍ന്നപ്പോള്‍ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത് രോഹിതാണെന്ന് പറയപ്പെടുന്നു. അശ്വിന്റെ കാര്യത്തില്‍ രോഹിതിന്റെ നിലപാട് ബിസിസിഐ പ്രത്യേകം ആരാഞ്ഞിരുന്നു. രോഹിതിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പിന്തുണച്ചതോടെ അശ്വിന് ടീമില്‍ സ്ഥാനം ഉറപ്പായി. കഴിഞ്ഞ രണ്ട് ഐപിഎല്ലുകളില്‍ അശ്വിന്‍ നടത്തിയ മികച്ച പ്രകടനവും യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ പരിചയസമ്പന്നനായ ഓഫ് സ്പിന്നറുടെ സാധ്യതകളുമാണ് രോഹിതും കോഹ്ലിയും എടുത്തുപറഞ്ഞത്.

അതേസമയം, വാഷിങ്ടണ്‍ സുന്ദറിന് പരിക്കേല്‍ക്കാതിരുന്നെങ്കില്‍ അശ്വിനെ ഒഴിവാക്കിയേനെ. വാഷിങ്ടണ്‍ സുന്ദര്‍ പരിഗണിക്കപ്പെട്ടാല്‍ അശ്വിനെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് കോഹ്ലി നേരത്തെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ കൈവിരലിനു പരിക്കേറ്റ സുന്ദര്‍ പുറത്തായതോടെ അശ്വിനെ ടീമില്‍ ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായെന്നു പറയാം.