ദാദ സെലക്ടര്‍മാരോട് വഴക്കിടും, ധോണി കൂട്ടുകാരെ സഹായിക്കും, കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി ഓണ്‍പ്രോസസ്, നെഹ്‌റ

Advertisement

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും അധികം നായകന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുളള താരങ്ങളില്‍ ഒരാളാണ് ആശിഷ് നെഹ്‌റ. മുഹമ്മദ് അസ്ഹറുദ്ദീന് കീഴില്‍ രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ നെഹ്‌റ ഒടുവില്‍ വിരാട് കോഹ്‌ലിയുടെ കാലത്താണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങിയ ലോകം കണ്ട ഏറ്റവും മികച്ച നായകന്‍മാര്‍ക്ക് കീഴിലും കളിക്കാനും നെഹ്‌റയ്ക്ക് ഭാഗ്യമുണ്ടായി.

എന്നാല്‍ എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ആരെന്ന ചോദ്യത്തിനാണ് കോഹ്‌ലിക്കും ധോണിക്കും ഗാംഗുലിക്കുമുള്ള പ്രത്യേകതകള്‍ നെഹ്‌റ എണ്ണിപ്പറയുകയായിരുന്നു. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിലെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു നെഹ്‌റ.

‘ടീം അംഗങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെത്തിക്കേണ്ടത് എങ്ങനെയെവന്ന് ധോണിക്കും ഗാംഗുലിക്കും അറിയാമായിരുന്നു. പുതിയ ടീം കെട്ടിപ്പടുക്കുക എന്ന വെല്ലുവിളി ഗാംഗുലിക്കുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് ഗാരി ക്രിസ്റ്റനടക്കമുള്ള വലിയ പരിശീലകര്‍ക്ക് കീഴില്‍ കളിക്കാന്‍ പറ്റി. ധോണിക്ക് ഒരു ടീമും സജ്ജമായിരുന്നു. മുതിര്‍ന്ന താരങ്ങളടങ്ങിയ ടീമിനെ നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിനുള്ള വെല്ലുവിളി,” നെഹ്‌റ പറഞ്ഞു.

‘ദാദയെ (ഗാംഗുലി) കുറിച്ചുള്ള നല്ല ഒരു കാര്യം അദ്ദേഹം പിന്തുണ നല്‍കേണ്ടതായ കളിക്കാരെ മനസ്സിലാക്കുകയും അവര്‍ക്കായി ഏതറ്റം വരെ പോവുകയും ചെയ്യും എന്നതാണ്. സെലക്ടര്‍മാരോട് ഇതിനു വേണ്ടി പൊരുതാനും പ്രസിഡന്റിനോട് ആ താരത്തെ തിരികെ എത്തിക്കാന്‍ പറയാനും ഗാംഗുലി തയ്യാറാവുമെന്നും നെഹ്‌റ പറഞ്ഞു.

‘കാര്യങ്ങള്‍ കണക്കുകൂട്ടി ചെയ്യുന്ന ക്യാപ്റ്റനാണ് ധോണി. അദ്ദേഹം വികാരാധീനനാവാതെ ശാന്തതയോടെ ഇടപെടും. യുവാക്കള്‍ക്ക് അദ്ദേഹം അവസരം നല്‍കി. ധോണിയുടെ മുറി രാത്രിയും മണിക്കൂറുകളോളം തുറന്നു തന്നെയിരിക്കുമായിരുന്നു. ഞങ്ങള്‍ എല്ലാം മണിക്കൂറുകളോളം അവിടെ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചിരിക്കുമായിരുന്നു. തീര്‍ച്ചയായും 19 വയസ്സുള്ള ഒരാളോടും, 32 വയസ്സുള്ള ഒരാളോടും അദ്ദേഹം സംസാരിച്ചിരുന്ന രീതി വ്യത്യസ്തമാണ്”- നെഹ്‌റ പറഞ്ഞു.

ഗാംഗുലിയെയും ധോണിയെയും അപേക്ഷിച്ച് കോഹ്‌ലിയുടെ നായകത്വത്തില്‍ താരതമ്യേന കുറച്ചു കാലം മാത്രമാണ് നെഹ്‌റ കളിച്ചിട്ടുള്ളത്. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ പണി ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് നെഹ്‌റ പറഞ്ഞു. ഫീല്‍ഡില്‍ പരുഷമായതും വൈകാരികമായതുമായ തീരുമാനങ്ങള്‍ കോഹ്‌ലി പലപ്പോഴും സ്വീകരിക്കാറുണ്ടെന്നും നെഹ്‌റ പറഞ്ഞു.