ഗാബയില്‍ ഇംഗ്ലീഷ് ദുരന്തം; വിജയക്കൊടി പാറിച്ച് കങ്കാരുപ്പട

ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം. ഇംഗ്ലണ്ട് മുന്നോട്ടു വെച്ച കേവലം 19 റണ്‍സിന്റെ മാത്രം വിജയലക്ഷ്യം 5.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട് – 147,297 ; ഓസ്ട്രേലിയ – 425, 20/1

ആദ്യ രണ്ട് ദിവസങ്ങളില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും നിറം മങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ തിരിച്ചുവരവ് പ്രതീക്ഷ നല്‍കിയിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും (89) ഡേവിഡ് മലാന്റെയും (82) ബാറ്റിംഗ് പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് ഉണര്‍വ് നല്‍കിയത്. ഇരുവരുടെയും ബാറ്റിംഗ് പ്രകടനത്തില്‍ മൂന്നാം ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

Image

എന്നാല്‍ നാലാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പിന് ഓസീസ് അന്ത്യം കുറിച്ചു. നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് നേട്ടവുമായി ഓസീസ് പട നയിച്ചപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സിന് ഓള്‍ഔട്ടായി. കേവലം 19 റണ്‍സിന്റെ മാത്രം ലീഡ്.

Image

Read more

20 റണ്‍സ് എന്ന കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് അലക്‌സ് കാരിയുടെ (9) വിക്കറ്റാണ് നഷ്ടമായത്. മാര്‍ക്കസ് ഹാരിസ് (9), മാര്‍നസ് ലാബുഷെയ്ന്‍ (0) എന്നിവര്‍ പുറത്താകാതെ നിന്നു. ഒലി റോബിന്‍സണാണ് കാരിയുടെ വിക്കറ്റ് നേടിയത്. ജയത്തോടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഓസീസ് 1-0 ന് മുന്നിലെത്തി.